കുറഞ്ഞ നിരക്കിലുള്ള ടൂർ പാക്കേജിൽ ആകൃഷ്ടരായി തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. പട്ടായയിൽ ബന്ദികളാക്കി മോചനദ്രവ്യത്തിനായി ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാങ്കോക്ക്: തായ്‌ലൻഡിൽ വിനോദയാത്രയ്ക്ക് എത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ച സംഘത്തെ തായ് പൊലീസ് പിടികൂടി. പട്ടായയിലെ ഒരു വീട്ടിൽ ബന്ദികളാക്കപ്പെട്ട യുവാക്കളെ പൊലീസ് മോചിപ്പിച്ചു. കുറഞ്ഞ തുകയ്ക്ക് ഒരാഴ്ചത്തെ ആകർഷകമായ ടൂർ പാക്കേജ് എന്ന പ്രലോഭനത്തിൽ കുടുങ്ങിയാണ് യുവാക്കൾ തായ്‌ലൻഡിൽ എത്തിയത്. എന്നാൽ ബാങ്കോക്കിൽ എത്തിയ ഉടൻ തന്നെ ഇവർ സംഘത്തിന്‍റെ കെണിയിൽപ്പെട്ടു. യുവാക്കളെ സംഘം തട്ടിക്കൊണ്ടുപോയി. 24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ക്രൂരമായ പീഡനം. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരും ഇന്ത്യക്കാരാണ്.

ബാങ്കോക്കിൽ വിമാനം ഇറങ്ങിയ മൂന്ന് ഇന്ത്യൻ യുവാക്കൾ ടാക്സിയിൽ പട്ടായയിലേക്ക് പോവുകയും അവിടെയുള്ള ഒരു റെസ്റ്റോറന്‍റിൽ വെച്ച് പ്രതികളെ കാണുകയും ചെയ്തു. തുടർന്ന് പ്രതികൾ ഇവരെ ഒരു വാടക വീട്ടിലേക്ക് കൊണ്ടുപോയി ബന്ദികളാക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ദിവസങ്ങളോളം ക്രൂരമായ മർദനത്തിന് ഇരയാക്കിയ യുവാക്കളെ, തലകീഴായി കെട്ടിത്തൂക്കി. ഭക്ഷണവും വെള്ളവും നിഷേധിച്ചു. ബന്ധുക്കളെ വീഡിയോ കോളിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യൻ പൗരന്മാരെ ബാങ്കോക്കിൽ നിന്ന് തായ് പൊലീസ് അറസ്റ്റ് ചെയ്തു. അവ്താർ സിങ്, ജഗ്ജിത് സിങ്, റാംബാലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ ഈ സംഘത്തിന് പിന്നിൽ പാക് പൗരന്മാരുമുണ്ടെന്ന് പൊലീസ് പറയുന്നു.

ഒരു പാകിസ്ഥാൻ പൗരനാണ് ഈ ക്രിമിനൽ സംഘത്തിന് നിർദ്ദേശം നൽകിയതെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. വിനോദസഞ്ചാരികളെ ആകർഷകമായ പാക്കേജ് എന്ന പേരിൽ ആസൂത്രിതമായി തടവിലാക്കി പണം തട്ടിയെടുക്കുന്ന പുതിയ തന്ത്രമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.