
ദില്ലി: ഇറ്റാലിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജിയ മെലോണിക്ക് ആദ്യ സന്ദേശമയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായതിൽ ജോർജിയയെ അഭിനന്ദനിച്ചുള്ള സന്ദേശത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും മോദി കുറിച്ചിട്ടുണ്ട്. ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് അഭിനന്ദനിക്കുന്നുവെന്ന് മോദി ട്വിറ്ററിൽ വ്യക്തമാക്കി. ഇന്ത്യ - ഇറ്റലി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റിൽ പറഞ്ഞു. മോദിയുടെ അഭിനന്ദന സന്ദേശത്തിന് പിന്നാലെ ജോർജിയ മെലോണിയുടെ മറുപടിയുമെത്തി. വളരയധികം നന്ദിയെന്നായിരുന്നു ജോർജിയ ആദ്യം കുറിച്ചത്. താങ്കൾക്കും താങ്ങളുടെ സർക്കാരിനുമൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ സന്നദ്ധയാണെന്നും അന്താരാഷ്ട്ര വിഷയങ്ങളിലും മറ്റ് ആഗോള വെല്ലുവിളികളിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും അവർ മറുപടി ട്വീറ്റിൽ വ്യക്തമാക്കി.
അതേസമയം ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പിൽ ജോർജിയയും പാർട്ടിയും ഉജ്ജ്വല ജയമാണ് നേടിയതെന്നാണ് റിപ്പോർട്ടുകൾ. തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റായ അധികാരത്തിലേറുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ശരിവക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന സ്ഥാനത്തേക്ക് കൂടിയാണ് ജോർജിയ നടന്നടുക്കുന്നത്. കടുത്ത വലതുപക്ഷ നേതാവായി കണക്കാക്കപ്പെടുന്ന ജോർജിയ 'എല്ലാവർക്കും വേണ്ടി ഭരിക്കും' എന്നാണ് പ്രതികരിച്ചിട്ടുള്ളത്. ആളുകളുടെ വിശ്വാസത്തെ വഞ്ചിക്കില്ലെന്നും ജോർജിയ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ജനത ഏൽപ്പിച്ച ഉത്തരവാദിത്വം നന്നായി നിർവ്വഹിക്കുമെന്നും ജനങ്ങളെ നിരാശരാക്കില്ലെന്നും രാജ്യത്തിന്‍റെ അന്തസ്സും അഭിമാനവും വീണ്ടെടുക്കാൻ പരമാവധി ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാണ് ഇറ്റലി ഒരു കടുത്ത വലതുപക്ഷ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നത്. ജോർജിയയുടെ പാർട്ടി 26% വോട്ട് നേടിയെന്നാണ് വ്യക്തമാകുന്നത്. പ്രധാന എതിരാളിയായ എൻറിക്കോ ലെറ്റയുടെ മധ്യ-ഇടതുപക്ഷ ഡെമോക്രാറ്റിക് പാർട്ടിക്ക് 19 ശതമാനം വോട്ടുകളെ നേടാനായുള്ളു. 2012 ലാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. 2018 ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകൾ മാത്രമാണ പാർട്ടി നേടിയത്. എന്നാൽ ഇക്കുറി സ്ഥിതി മാറുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam