
മോസ്‌കോ: റഷ്യയിൽ (Russia) നിന്ന് ഫിൻലൻഡിനുള്ള (Finland) വൈദ്യുതി വിതരണം നിർത്തലാക്കി ഇലക്ട്രിസിറ്റി കമ്പനി. ഇതുവരെ വിതരണം ചെയ്ത വൈദ്യുതിക്ക് പണം നൽകാത്തതിനെ തുടർന്നാണ് റഷ്യയുടെ ഏറ്റവും വലിയ ഇലക്‌ട്രിസിറ്റി കമ്പനിയായ ആർഎഒ നോർഡിക് ശനിയാഴ്ച മുതൽ ഫിൻലൻഡിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചതെന്ന് അറിയിച്ചു. വാർത്താ ഏജൻസിയായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ നിന്നുള്ള വൈദ്യുതി വിതരണം നിലച്ചതായി ഫിന്നിഷ് നാഷണൽ ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ ഗ്രിഡ് ഓപ്പറേറ്റർ ഫിൻഗ്രിഡ് ഓയ്‌ജും അറിയിച്ചു. ശനിയാഴ്ച പുലർച്ചെ ഒരുമണിക്കാണ് വൈദ്യുതി വിതരണം നിർത്തിയത്. വൈദ്യുതിക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട തടസം കാരണമാണ് വിതരണം നിർത്തിയതെന്നും മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ വിതരണം നിർത്തിവെക്കുമെന്നും ഫിൻഗ്രിഡ് പറഞ്ഞു.
ആർഒഎ നോർഡിക് ഓയ് കമ്പനി വർഷങ്ങളായി റഷ്യയിൽ നിന്ന് ഫിൻലൻഡിലേക്ക് വൈദ്യുതി ഇറക്കുമതി ചെയ്യുകയും നോർഡ് പൂൾ എക്സ്ചേഞ്ചിലേക്ക് വിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മേയ് 6 മുതൽ വിറ്റ വൈദ്യുതിയുടെ വില അക്കൗണ്ടിലേക്ക് ഇതുവരെ ക്രെഡിറ്റ് ചെയ്തിട്ടില്ലെന്നും ഈ സാഹചര്യം അസാധാരണമാണെന്നും കമ്പനി അറിയിച്ചു. ഫിൻലൻഡ് പണം നൽകാത്ത സാഹചര്യത്തിൽ റഷ്യക്ക് പണം നൽകാൻ സാധിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു. എന്നാൽ റഷ്യൻ കമ്പനി വിതരണം നിർത്തിയ സാഹചര്യത്തിൽ സ്വീഡനിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ഫിൻലൻഡിൽ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും പദ്ധതിയുണ്ട്.
വൈദ്യുതി ഉൽപ്പാദനത്തിൽ ഫിൻലൻഡിന്റെ സ്വയംപര്യാപ്തതമായിക്കൊണ്ടിരിക്കുകയാണെന്ന് ഫിൻഗ്രിഡ് പറഞ്ഞു. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപാദനത്തിന്റെ അളവ് ഓരോ വർഷവും വർധിക്കുന്നു. ഈ വർഷം മാത്രം 2000 മെഗാവാട്ട് പുതിയ കാറ്റാടി വൈദ്യുതി ലഭ്യമാകും. 2023-ൽ വൈദ്യുതോർജ്ജത്തിൽ സ്വയംപര്യാപ്തത കൈവരിക്കുമെന്നും ഫിൻഗ്രിഡ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും റഷ്യയുമായുള്ള വൈദ്യുതി വ്യാപാരം ഉടൻ പുനരാരംഭിക്കുമെന്നും ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam