
കീവ് : ലോകരാജ്യങ്ങളുടെ സമാധാന ശ്രമങ്ങളും ഭീഷണികളും വകവെക്കാതെ, ലോകത്തെ ആശങ്കയിലാക്കി യുക്രൈനിൽ (Ukraine) റഷ്യ (Russia) നടത്തുന്നത് വളഞ്ഞിട്ട് ആക്രമണം. വ്യോമാക്രമണത്തിന് ഒപ്പം കരമാർഗവും റഷ്യൽ സേന യുക്രൈനിലേക്ക് പ്രവേശിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ആദ്യ ദിവസമുണ്ടായ ആക്രമണങ്ങളിൽ 7 പേർക്ക് ജീവഹാനിയുണ്ടായി. ഒഡേസയിൽ ആറ് പേരും തലസ്ഥാനമായ കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടതെന്നാണ് യുക്രൈൻ സ്ഥിരീകരിച്ചത്.
രാവിലെ അഞ്ചുമണിയോടെ (ഇന്ത്യൻ സമയം എട്ടര)യാണ് യുക്രൈനിൽ റഷ്യൻ ആക്രമണം ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുദ്ധപ്രഖ്യാപനത്തോടെയാണ് സൈനിക നടപടിയുണ്ടായത്. മണിക്കൂറുകള്‍ക്കുള്ളില്‍ കര, വ്യോമ മാര്‍ഗങ്ങളിലൂടെ റഷ്യ യുക്രൈനെ ആക്രമിച്ചു. പുലർച്ചെ കിഴക്കന്‍ യുക്രൈവ് വഴിയും സഖ്യരാജ്യമായ ബലാറസുമായി ചേര്‍ന്നുമായിരുന്നു ആക്രമണം. രണ്ടുലക്ഷം സൈനികരെയാണ് യുദ്ധഭൂമിയില്‍ റഷ്യ സജ്ജരാക്കിയത്. വ്യോ മമാര്‍ഗമുള്ള പട ആദ്യം യുദ്ധം ആരംഭിച്ചു. സമാന്തരമായി യുക്രൈനിലെ ഡോൺബാസിലേക്ക് റഷ്യൻ സൈന്യവും കടന്നു.
തലസ്ഥാനമായ കീവിൽ ആറിടത്ത് മിസൈല്‍ ആക്രമണമുണ്ടായി. യുക്രൈൻ നഗരമായ ക്രമറ്റോസ്കിലും വ്യോമാക്രമണം നടന്നു. വിറങ്ങലിച്ച യുക്രൈനെ കരമാര്‍ഗവും റഷ്യ ശക്തമായി ആക്രമിച്ചു. സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈലാക്രമണമുണ്ടായതോടെ വ്യോമതാവളങ്ങളെല്ലാം അടച്ചു.
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്നു, അതിർത്തിയിൽ യുഎസ് യുദ്ധവിമാനം? തിരിച്ചടിക്കുമോ അമേരിക്ക
ജനങ്ങള്‍ വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്കി സൈന്യം തിരിച്ചടിക്കുകയാണെന്ന് അറിയിച്ചു. തൊട്ടുപിന്നാലെ 5 വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവെച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലല്ല ആക്രണമമെന്ന് റഷ്യ അറിയിച്ചെങ്കിലും പുറത്തുവന്ന ദൃശ്യങ്ങളില്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നാണ് സ്ഫോടനങ്ങളുണ്ടായതെന്ന് വ്യക്തമാണ്. ഇതിനിടെ ഖര്‍ഖിവിലും റഷ്യ ആക്രണണം നടത്തി.
നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കുമെന്ന് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ യുക്രൈൻ അതിർത്തിയിൽ കണ്ടതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ഉപരോധവും റഷ്യ നേരിടേണ്ടി വരും. റഷ്യക്കെതിരായ ആദ്യഘട്ട ഉപരോധം ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. സാങ്കേതികമായും സാമ്പത്തികമായും റഷ്യയെ ഉപരോധിക്കാനാണ് യൂറോപ്യൻ യൂണിയനും ആലോചിക്കുന്നത്.
ഇന്ത്യൻ ഒഴിപ്പിക്കൽ ദൌത്യത്തിന് തിരിച്ചടി
യുക്രൈനെതിരെ റഷ്യ സൈനിക നടപടികൾ തുടങ്ങിയതോടെ ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ മുടങ്ങിയിരിക്കുകയാണ്. വിമാനത്താവളങ്ങൾ അടച്ച സാഹചര്യത്തിൽ കീവിലേക്ക് പോയ രണ്ടാമത്തെ പ്രത്യേക വിമാനം തിരികെ ഇന്ത്യ വിളിച്ചു. സാഹചര്യം നീരീക്ഷിച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഇന്ത്യൻ തീരുമാനം.
യുക്രൈയിനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഈ ആഴ്ച്ച മൂന്ന് വിമാനങ്ങളാണ് ഇന്ത്യ തയ്യാറാക്കിയിരുന്നത്. ഇതിൽ ആദ്യ വിമാനം കഴിഞ്ഞ ദിവസം 241 യാത്രക്കാരുമായി തിരികെ എത്തിയിരുന്നു. രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7.40 കീവിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും യുക്രൈൻ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ,തിരികെ വിളിക്കേണ്ടി വരികയായിരുന്നു. ഇതോടെ വിമാനത്താവളത്തിൽ എത്തിയ മലയാളികൾ അടക്കം ഉള്ളവർ കുടുങ്ങിക്കിടക്കുകയാണ്. റഷ്യ പല വിമാനത്താവളങ്ങളിൽ അടക്കം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാനാണ് നിലവിൽ എംബസിയുടെ നിർദ്ദേശം. തുടർനടപടികൾ ഉടൻ അറിയിക്കാമെന്നാണ് എംബസി അറിയിക്കുന്നത്. അതെസമയം 182 യാത്രക്കാരുമായി കീവിൽ നിന്ന് പുറപ്പെട്ട് യുക്രൈയിൻ എയർലൈൻസ് വിമാനം ദില്ലിയിൽ എത്തി. ശനിയാഴ്ച്ച നടത്താനിരുന്ന സർവീസുകളുടെ കാര്യവും അനിശ്ചിത്വത്തിലാണ്.
നിഷ്പക്ഷ നിലപാട് തുടർന്ന് ഇന്ത്യ
റഷ്യ- യുക്രൈൻ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യം നിഷ്പക്ഷ നിലപാട് തുടരുന്നു എന്നും വിഷയം സമാധാനപരമായി പരിഹരിക്കണമെന്നും ഇന്ത്യ പ്രതികരിച്ചു. ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായവും ഇന്ത്യ അഭ്യർത്ഥിച്ചു.
വിദേശകാര്യമന്ത്രാലയവും വ്യോമയാനമന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണ്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികളറിയിച്ചു. റഷ്യൻ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ യുക്രൈൻ അംബാസഡർ ഇഗോർ പോളികോവ് ആവശ്യപ്പെട്ടു. രാജ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യുക്രൈൻ അഭ്യർത്ഥന.
യുദ്ധം തുടങ്ങി, ആടിയുലഞ്ഞ് ആഗോള വിപണികള്‍
റഷ്യ -യുക്രൈന്‍ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണികള്‍ ആടിയുലഞ്ഞു. റഷ്യ യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കകം ഏഷ്യന്‍ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ചയുണ്ടായി. ഇന്ത്യൻ വിപണിയില്‍ സെന്‍സെക്സ് 1800 പോയിന്‍റു വരെ ഇടിഞ്ഞു. നിക്ഷേപകരുടെ 10 ലക്ഷം കോടി രൂപയാണ് തകര്‍ച്ചയില്‍ നഷ്ടമായത്. ക്രൂഡ് ഓയില്‍ വില 101 ഡോളറിലെത്തി. സ്വര്‍ണ്ണവിലയും കുതിച്ചുകയറി.
റഷ്യയും യുക്രൈനും തമ്മിലാണ് യുദ്ധമെങ്കിലും ഇതിന്‍റെ ആഘാതം ലോകമെങ്ങും ബാധിക്കുമെന്ന പരിഭ്രാന്തിയിലാണ് സാമ്പത്തിക രംഗം. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമോയെന്ന ആശങ്കയില്‍ വിദേശ നിക്ഷേപകരടക്കം ഓഹരികള്‍ വിറ്റഴിച്ച് വിപണിയില്‍ നിന്നു പിന്മാറുകയാണ്. ചെറുകിട നിക്ഷേപകരും കൂട്ടത്തോടെ കിട്ടിയവിലക്ക് ഓഹരികള്‍ വിറ്റുമാറിയതോടെ മുന്‍നിര ഓഹരികളുടെ വിലയെല്ലാം ഇടിഞ്ഞു.
സൂചികകള്‍ ഇതോടെ കൂപ്പു കുത്തി. ഇന്ത്യൻ ഓഹരി വിപണിയില്‍ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്. റഷ്യ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ ക്രൂഡ് ഓയില്‍ വില 101 ഡോളറിലെത്തി. ഇത് ഇനിയും ഉയരാനാണ് സാധ്യത. പ്രകൃതി വാതക വിലയും കൂടും. ക്രൂഡ് ഓയില്‍ വില ഉയരുന്നതോടെ ഇന്ധന വിലക്കയറ്റവും പണപ്പെരുപ്പവുമാണ് വരാനിരിക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. വളര്‍ച്ചാ നിരക്ക് കുറയും. വിലക്കയറ്റം രൂക്ഷമാകും. വായ്പ പലിശ നിരക്കുകള്‍ കൂടും. ഇതെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ വലിയ തിരിച്ചടിയുണ്ടാക്കാനാണ് സാധ്യത.