
മോസ്‌കോ: വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോഷിന്‍ കൊലപ്പെട്ടിട്ടില്ലെന്ന വാദവുമായി റഷ്യന്‍ രാഷ്ട്രീയ നിരീക്ഷകന്‍ വലേരി സൊളോവി. കരീബിയന്‍ ദ്വീപായ മാര്‍ഗരിറ്റയിലാണ് പ്രിഗോഷിന്‍ കഴിയുന്നത്. റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുടിന്റെ ആരോഗ്യം ക്ഷയിച്ചുവരികയാണ്. അദ്ദേഹത്തിന്റെ മരണശേഷം പ്രിഗോഷിന്‍ തിരിച്ചുവരാനാണ് സാധ്യത. വിമാന അപകടം സംഭവിക്കുമെന്ന വിവരം പ്രിഗോഷിന് നേരത്തെ ലഭിച്ചിരുന്നെന്നും ആ യാത്ര അദ്ദേഹം ഒഴിവാക്കിയിരുന്നെന്നും ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൊളോവി പറഞ്ഞു. പുടിനും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയും ചേര്‍ന്ന് തയാറാക്കിയ പദ്ധതിയാണ് വിമാനാപകടമെന്നും സൊളോവി അഭിമുഖത്തില്‍ പറഞ്ഞു.
വെറുമൊരു കള്ളനില്‍ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവി; ആരാണ് പ്രിഗോഷിന്‍?
വെറുമൊരു കള്ളനില്‍ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളര്‍ന്നയാളാണ് പ്രിഗോഷിന്‍. അയാളുടെ ജീവിതം പോലെ മരണവും ദുരൂഹതയുടെ പുകമറ നിറഞ്ഞതായി. വ്ലാദിമിര്‍ പുടിന്റെ അതേ നഗരമായ സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് പ്രിഗോഷിന്റെയും ജനനം. കുട്ടിക്കാലത്തുതന്നെ അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തി. 1979ല്‍ പതിനെട്ടാം വയസില്‍ ജയിലിലായി. ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും വീണ്ടും കവര്‍ച്ചയ്ക്ക് പിടിച്ചു. ഒന്‍പതു വര്‍ഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിന്‍ പുതിയ ആളായി മാറി.
ബര്‍ഗര്‍ വില്‍ക്കുന്ന കട തുടങ്ങി. കച്ചവടം മെല്ലെ പച്ച പിടിച്ചു. 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്സ് ബര്‍ഗ് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. അക്കാലത്താണ് വ്ലാദിമിര്‍ പുടിനുമായി അടുക്കുന്നത്. പിന്നെയങ്ങോട്ട് കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളര്‍ച്ച. 2000ല്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റ് ആയപ്പോഴേയ്ക്കും പ്രിഗോഷിന്‍ വലംകൈ ആയി മാറിയിരുന്നു. പുടിനോടുള്ള വിധേയത്വത്തിന്റെ പേരില്‍ പ്രിഗോഷിനെ 'പുടിന്റെ പാചകക്കാരന്‍' എന്നും ആളുകള്‍ പരിഹസിച്ചിരുന്നു. അത് അഭിമാനമാണെന്നായിരുന്നു അന്ന് പ്രിഗോഷിന്റെ മറുപടി. പുടിന്‍ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകള്‍ എല്ലാം പ്രിഗോഷിനു നല്‍കി. രാഷ്ട്രത്തലവന്മാര്‍ക്ക് മുതല്‍ സൈനിക സ്‌കൂളുകളില്‍ വരെ പ്രിഗോഷിന്റെ ഹോട്ടല്‍ ഭക്ഷണം വിതരണം ചെയ്തു. അധികാരം നിലനിര്‍ത്താനും കാര്യസാധ്യത്തിനുമായി പ്രിഗോഷിനെ പുടിന്‍ ഒപ്പം നിര്‍ത്തി. 2014ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനെന്ന പേരില്‍ പുടിന്‍ വാഗ്നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനു തന്നെ ഏല്‍പ്പിച്ചു. ആ കൂലിപ്പട ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ എണ്ണിയാലൊടുങ്ങില്ല.
മൂന്നു റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതടക്കം ആസൂത്രണം ചെയ്തത് പ്രിഗോഷിന്‍ ആയിരുന്നു. പ്രിഗോഷിനാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ സംഘാടകന്‍ എന്നതു പോലും 2022 വരെ പുറംലോകം അറിയാത്ത രഹസ്യം ആയിരുന്നു. ഈ വര്‍ഷം ആദ്യമാണ് പുടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്നത്. ഒടുവില്‍ ഇപ്പോള്‍ അത് നേര്‍ക്കുനേര്‍ യുദ്ധമായി. കഴിഞ്ഞ ജൂണ്‍ 23നു വ്ലാദിമിര്‍ പുടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരില്‍ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. ആ കൂടിക്കാഴ്ചയില്‍ പുടിന്‍ പ്രിഗോഷിനോട് ഇനി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്നര്‍ കൂലിപ്പടയുടെ പ്രവര്‍ത്തനം ഇനി ഉണ്ടാകില്ലെന്ന് പുടിന്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ തന്റെ ഓഫര്‍ പ്രിഗോഷിന്‍ നിരസിച്ചതായി വ്ലാദിമിര്‍ പുടിന്‍ തന്നെ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യന്‍ സൈന്യത്തില്‍ ചേരുന്നത് തന്റെ പടയാളികള്‍ ഇഷ്ടപ്പെടില്ല എന്നായിരുന്നുവത്രെ പ്രിഗോഷിന്റെ മറുപടി. പുടിനോട് അങ്ങനെ മറുപടി പറഞ്ഞ പ്രിഗോഷിന് ഇനി അധികം ആയുസ് ഇല്ലെന്ന് അന്നുതന്നെ ചില ലോക മാധ്യമങ്ങള്‍ എഴുതിയിരുന്നു.
മലയാളി വിദ്യാർത്ഥി കർണാടക കോളാറിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ