
റഷ്യന്‍ പോര്‍ വിമാനങ്ങളില്‍ ആയുധം നിറയ്ക്കുന്നതിന്‍റെയും ഇന്ധനം നിറയ്ക്കുന്നതിന്‍റേയും സാറ്റലൈറ്റ് ചിത്രം പുറത്ത് വന്നതിന് പിന്നാലെ റഷ്യന്‍ എയര്‍ബേസില്‍ വലിയ സ്ഫോടനം. റഷ്യന്‍ എയര്‍ബേസില്‍ യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയുടെ രണ്ട് ആണവ വാഹിനികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. സാരടോവ് നഗരത്തിന് സമീപമുള്ള ഏന്‍ജല്‍സ് 2 എയര്‍ബേസിലാണ് ആക്രണമണം ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ പൊട്ടിത്തെറിയില്‍ ടിയു 95 ബോംബേഴ്സിനാണ് തകരാറ് സംഭവിച്ചത്.
യുക്രൈനെതിരായ ആക്രമണങ്ങളില്‍ സാരമായ തകരാറ് വരുത്തിയ ബോംബ് വാഹിനിയാണ് ടിയു 95 ബോംബര്‍. റഷ്യന്‍ സൈനിക നഗരമായ റയാസാനിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു ഈ പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറികളുടെ ഉത്തരവാദിത്തം ഇനിയും കീവ് ഏറ്റെടുത്തിട്ടില്ല. എന്നാല്‍ റഷ്യയുടെ പശ്ചിമ അതിര്‍ത്തികളില്‍ സമാന രീതിയില്‍ യുക്രൈന്‍ നടത്തുന്ന ആക്രമണങ്ങളിലൊന്നായാണ് ഇവയും കരുതപ്പെടുന്നത്.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 300 മൈല്‍ അകലെയാണ് ഏന്‍ജല്‍സ് 2 എയര്‍ബേസ്. 450 മൈല്‍ അകലെയാണ് റയാസാനുള്ളത്. ഇവ രണ്ടും കീവില്‍ നിന്നുള്ള മിസൈലുകളുടെ പരിധിക്ക് പുറത്താണ്. അതിനാലാണ് ആക്രമണം നടത്തിയത് ഡ്രോണ്‍ ഉപയോഗിച്ചാണെന്ന് വിലയിരുത്തുന്നത്. യുക്രൈന്‍ ആയുധ സ്ഥാപനമായ ഉക്രോബോനോപ്രോം 165 എല്‍ബി ശേഷിയുള്ള സൂയിസൈഡ് ഡ്രോണ്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചെന്ന പ്രഖ്യാപനം നടത്തിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് റഷ്യന്‍ നഗരങ്ങളില്‍ സ്ഫോടനം നടന്നിട്ടുള്ളത്.
യുക്രൈനെതിരായ ആക്രമണത്തിന് തയ്യാറായിരിക്കുന്ന ഏന്‍ജല്‍സ് 2 എയര്‍ബേസിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ടിയും 95, ടിയു 160 വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്‍റേയും ആയുധം കയറ്റുന്നതിന്‍റേയുമടക്കമുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam