
മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുക. ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി ആണ് പുടിൻ്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദില്ലിയിൽ നടന്ന ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. ഇതോടെ ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യൻ ഭരണകൂടത്തിൻ്റെ വാർത്താ ഏജൻസിയായ ടാസും റിപ്പോർട്ട് ചെയ്തു. അതേസമയം പുടിൻ്റെ സന്ദർശനത്തിനിടെ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഈ മാസം ആദ്യം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യയിൽ എത്തിയിരുന്നു. ദില്ലിയിൽ നടന്ന ദ്വിദിന ബ്രിക്സ് അംഗങ്ങളുടെ കോൺക്ലേവിൽ സെർജി ലാവ്റോവ് പങ്കെടുത്തിരുന്നു. ഇറാൻ - യുഎസ് സംഘർഷത്തിൽ ഇന്ത്യയ്ക്ക് ദീർഘകാലത്തേക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ - റഷ്യ ബന്ധത്തെ സവിശേഷമായ തന്ത്രപ്രധാന സഹകരണമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). 2024ൽ ഈജിപ്തും എത്തിയോപ്യയും ഇറാനും 2025ൽ യുഎഇയും ഇന്തോനേഷ്യയും ബ്രിക്സിൻ്റെ ഭാഗമായിരുന്നു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന ബ്രിക്സ്, ലോകജനസംഖ്യയുടെ ഏകദേശം 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനത്തോളവും ആഗോള വ്യാപാരത്തിന്റെ ഏതാണ്ട് 26 ശതമാനവും കൈയാളുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam