'എന്റെ പെണ്‍മക്കളെ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്', കൊടുംപട്ടിണി: അഫ്ഗാനില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ വില്‍ക്കുന്നു!

Published : May 19, 2026, 03:44 PM IST
afghanistan kids

Synopsis

'ഒരു മകളെ വിറ്റാല്‍, എന്റെ ബാക്കി കുട്ടികള്‍ക്ക് കുറഞ്ഞത് നാല് വര്‍ഷത്തേക്കെങ്കിലും ആഹാരം നല്‍കാന്‍ എനിക്ക് കഴിയും' അദ്ദേഹം പറയുന്നു. 'ഞങ്ങള്‍ക്ക് കഴിക്കാന്‍ ആകെയുള്ളത് റൊട്ടിയും ചൂടുവെള്ളവും മാത്രമാണ്, ചായ പോലുമില്ല,'- അദ്ദേഹത്തിന്റെ ഭാര്യ ക്യാമറയ്ക്കു മുന്നില്‍ പറയുന്നു.

പട്ടിണിയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താനില്‍, വിശപ്പടക്കാന്‍ വകയില്ലാതെ മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ വില്‍ക്കുന്നു. വിവാഹം, വീട്ടുജോലി എന്നിങ്ങനെ കാരണം പറഞ്ഞാണ്, അഫ്ഗാനിസ്താനിലെ ദരിദ്രര്‍ സ്വന്തം കുട്ടികളെ വില്‍ക്കേണ്ട അവസ്ഥയില്‍ എത്തിയത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

അന്താരാഷ്ട്ര സഹായങ്ങള്‍ നിര്‍ത്തുകയും സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയും ചെയ്തതോടെ അഫ്ഗാനിസ്താനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം, ഇവിടെ നാലില്‍ മൂന്ന് പേര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമാണ്, ആരോഗ്യരംഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പട്ടിണിയിലാണ് അഫ്ഗാന്‍. ജനസംഖ്യയുടെ പത്തിലൊന്നിലധികം വരുന്ന 47 ലക്ഷം ആളുകള്‍ ക്ഷാമത്തിന്റെ തൊട്ടടുത്താണ്.

പട്ടിണി വന്ന വഴി

അമേരിക്കയും സഖ്യകക്ഷികളും നടത്തിയ കൊടും യുദ്ധമാണ് രാജ്യത്തെ തകര്‍ത്തത്. യുദ്ധത്തിനുശേഷം, അമേരിക്കയും സഖ്യകക്ഷികളും നല്‍കിവന്ന അടിയന്തിര സഹായങ്ങള്‍ കൊണ്ടാണ് അഫ്ഗാനിസ്താനിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിതം മുന്നോട്ടുനയിച്ചിരുന്നത്. താലിബാന്‍ അധികാരത്തിലേറിയതിനു പിന്നാലെ, അമേരിക്ക ഈ സഹായം പൂര്‍ണ്ണമായും നിര്‍ത്തി. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ സഹായങ്ങള്‍ ഭൂരിഭാഗവും വെട്ടിക്കുറച്ചു. ഈ വര്‍ഷം ഇതുവരെ ലഭിച്ച അന്താരാഷ്ട്ര സഹായം 2025-ല്‍ ലഭിച്ചതിനേക്കാള്‍ 70% കുറവാണെന്നാണ് യുഎന്‍ കണക്കുകള്‍. ഇതോടൊപ്പമാണ്, അഫ്ഗാനില്‍ കൊടുംവരള്‍ച്ചയും ഉണ്ടായത്. രാജ്യത്തെ പകുതിയിലധികം പ്രവിശ്യകളെ വരള്‍ച്ച സാരമായി ബാധിച്ചു. കൃഷി അസാധ്യമായി. കുടിവെള്ളം കിട്ടാക്കനിയായി. ഭരണത്തിലേക്ക് വന്ന താലിബാന്‍ ഭരണകൂടത്തിനാവട്ടെ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാനും കഴിയുന്നില്ല.

പട്ടിണിയില്‍ ലക്ഷങ്ങള്‍

അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ബിബിസി ലേഖകര്‍ നടത്തിയ അന്വേഷണത്തിലാണ്, സാധാരണ മനുഷ്യരുടെ ഞെട്ടിക്കുന്ന ജീവിതാവസ്ഥ പുറത്തുവന്നത്. മറ്റ് പ്രവിശ്യകളിലും അവസ്ഥ സമാനമാണെന്നാണ് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രവിശ്യാ തലസ്ഥാനമായ ചഗ്ചരനില്‍ എന്തെങ്കിലും ജോലി കിട്ടുമെന്ന് കരുതി വെളുപ്പിനെ ഒത്തുകൂടുന്നവരില്‍ ചുരുക്കം പേര്‍ക്കാണ് വല്ലപ്പോഴും ജോലി ലഭിക്കുന്നത്. അതും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം. കൂലിയോ തുച്ഛവും.

45 കാരനായ ജുമാ ഖാന് കഴിഞ്ഞ ആറാഴ്ചയ്ക്കിടയില്‍ വെറും മൂന്ന് ദിവസത്തെ ജോലി മാത്രമാണ് ലഭിച്ചത്. 150 മുതല്‍ 200 അഫ്ഗാനിയാണ് (200 മുതല്‍ 300 രൂപ വരെ) കൂലി. 'എന്റെ കുട്ടികള്‍ മൂന്ന് ദിവസമായി പട്ടിണിയാണ്. കുട്ടികള്‍ വിശന്നു മരിക്കുമെന്ന ഭയത്തിലാണ് ഞാന്‍ ജീവിക്കുന്നത്.'-ജുമാ ഖാന്‍ പറയുന്നു. സമാനമായ അനുഭവമാണ് മറ്റു പലരും പങ്കുവെച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'എന്റെ പെണ്‍മക്കളെ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്'

ബിബിസി സംഘം ഇവിടെ കണ്ടെത്തിയ രണ്ട് കുടുംബനാഥന്‍മാരാണ് പെണ്‍മക്കളെ വില്‍ക്കാന്‍ തയ്യാറായ കാര്യം സങ്കടത്തോടെ പറഞ്ഞത്. അതിലൊരാള്‍, അബ്ദുള്‍ റഷീദ് അസീമി. ഏഴുവയസ്സുള്ള ഇരട്ടക്കുട്ടികളാണ് അദ്ദേഹത്തിന്. റുഖിയയെയും റോഹിലയും. 'എന്റെ പെണ്‍മക്കളെ വില്‍ക്കാന്‍ ഞാന്‍ തയ്യാറാണ്, ഞാന്‍ ദരിദ്രനും കടക്കാരനും നിസ്സഹായനുമാണ്.' അദ്ദേഹം പറഞ്ഞു. തന്റെ പെണ്‍കുട്ടികളെ വിവാഹത്തിനോ വീട്ടുജോലിക്കോ ആയി വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു മകളെ വിറ്റാല്‍, എന്റെ ബാക്കി കുട്ടികള്‍ക്ക് കുറഞ്ഞത് നാല് വര്‍ഷത്തേക്കെങ്കിലും ആഹാരം നല്‍കാന്‍ എനിക്ക് കഴിയും' അദ്ദേഹം പറയുന്നു. 'ഞങ്ങള്‍ക്ക് കഴിക്കാന്‍ ആകെയുള്ളത് റൊട്ടിയും ചൂടുവെള്ളവും മാത്രമാണ്, ചായ പോലുമില്ല,'- അദ്ദേഹത്തിന്റെ ഭാര്യ ക്യാമറയ്ക്കു മുന്നില്‍ പറയുന്നു.

സയീദ് അഹ്മദ് എന്നയാളാണ് രണ്ടാമത്തെ ഗൃഹനാഥന്‍. അഞ്ചുവയസ്സുള്ള മകള്‍ ഷൈഖയെ വില്‍ക്കാനാണ് അദ്ദേഹം തയ്യാറായത്. ഷൈഖയുടെ ചികില്‍സയ്ക്കുവേണ്ടിയാണ് അവളെ വില്‍ക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്ന് അദ്ദേഹം പറഞ്ഞു. 'ചികിത്സാച്ചെലവ് നല്‍കാന്‍ എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ മകളെ ഒരു ബന്ധുവിന് വിറ്റു' അദ്ദേഹം പറയുന്നു. ഷൈഖയുടെ ശസ്ത്രക്രിയ നടന്നു. അവളെ വിറ്റിട്ടു കിട്ടിയ 2,00,000 അഫ്ഗാനിയില്‍നിന്നാണ് (മൂന്ന് ലക്ഷം രൂപ) അതിനുള്ള പണം നല്‍കിയത്.

'ആ സമയത്ത് ഞാന്‍ തുക മുഴുവനായി വാങ്ങിയിരുന്നെങ്കില്‍, അയാള്‍ അവളെ കൊണ്ടുപോകുമായിരുന്നു. ചികിത്സയ്ക്ക് ആവശ്യമുള്ളത് മാത്രമാണ് വാങ്ങിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാക്കി തുക തന്ന് അതിനുശേഷം അവളെ കൊണ്ടുപോകാം എന്നു പറഞ്ഞാണ് വില്‍പ്പന നടത്തിയത്'-ഹതഭാഗ്യനായ ആ പിതാവ് പറയുന്നു.

'എന്റെ കൈയില്‍ പണമുണ്ടായിരുന്നെങ്കില്‍, ഞാന്‍ ഒരിക്കലും അവളെ വില്‍ക്കില്ലായിരുന്നു. ശസ്ത്രക്രിയയില്ലാതെ അവള്‍ മരിച്ചുപോയാലോ എന്ന് ഞാന്‍ ചിന്തിച്ചു. ഇങ്ങനെയാവുമ്പോള്‍ അവള്‍ ജീവനോടെയെങ്കിലും ഇരിക്കുമല്ലോ.' -അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് വരെ സയീദിന് ഭക്ഷ്യസഹായം ലഭിച്ചിരുന്നു. മറ്റ് അഫ്ഗാനികളെപ്പോലെ മാവ്, പാചക എണ്ണ, പരിപ്പ് വര്‍ഗ്ഗങ്ങള്‍, കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങള്‍ എന്നിവയാണ് ഇവര്‍ക്കും ലഭിച്ചത്. അന്താരാഷ്ട്ര സഹായം ഇല്ലാതായതോടെ അതും കിട്ടാതായി.

ഭക്ഷണമില്ല, മരുന്നു; മരിച്ചുവീഴുന്ന കുരുന്നുകള്‍

മുഹമ്മദ് ഹാഷിം എന്നയാളുടെ ജീവിതം കൂടി അറിയുക. ആഴ്ചകള്‍ക്ക് മുമ്പാണ് അയാളുടെ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. 'എന്റെ കുട്ടി വിശപ്പ് കൊണ്ടും മരുന്നിന്റെ കുറവ് കൊണ്ടുമാണ് മരിച്ചത്.' അദ്ദേഹം പറയുന്നു.

അഫ്ഗാനിസ്താനില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ശിശുമരണനിരക്ക് രണ്ട് വര്‍ഷത്തിനിടെ കുത്തനെ കൂടിയിട്ടുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇതിന് ഔദ്യോഗിക രേഖകളൊന്നുമില്ല. ശ്മശാനങ്ങളില്‍ കുട്ടികളുടെ ഖബറുകളുടെ എണ്ണം വന്‍തോതില്‍ കൂടിയതും ആശുപത്രികളിലെ അവസ്ഥ നേരിട്ടറിഞ്ഞുമാണ് ബിബിസി സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്.

ചഗ്ചരനിലെ പ്രധാന ആശുപത്രിയില്‍ ഏറ്റവും തിരക്കുള്ളത് നവജാതശിശുക്കളുടെ വിഭാഗത്തിലാണ്. എല്ലാ കിടക്കകളും നിറഞ്ഞു. ഭൂരിഭാഗം കുഞ്ഞുങ്ങളും ആവശ്യത്തിന് തൂക്കമില്ലാത്തവരാണ്. വലിയൊരു പങ്കും സ്വന്തമായി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍. പട്ടിണി തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. ആവശ്യത്തിന് മരുന്നുകള്‍ കിട്ടുന്നില്ലെന്ന് ആശുപത്രി അധികൃതരും പറയുന്നു. രണ്ടും ചേര്‍ന്നപ്പോള്‍ കുട്ടികളുടെ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുവൈത്തിൽ ലഹരിമരുന്ന് കേസുകളിൽ ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർ പിടിയിൽ, വ്യാപക പരിശോധന
വിസ നിയമങ്ങൾ കഠിനം! യുകെയും കാനഡയും വിട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, ചേക്കേറുന്നത് ഫ്രാൻസിലേക്ക്, ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങള്‍