
മോസ്കോ: മുൻ കാമുകിയെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത യുവാവിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് റഷ്യ. വ്ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ് വെറും ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം വെറുതെ വിട്ടത്. 17 വർഷമായിരുന്നു ഇയാൾ ശിക്ഷ വിധിച്ചത്. എന്നാൽ യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചതോട റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മുൻ കാമുകിയായ വെരാ പെഖ്‌ടെലേവ എന്ന യുവതിയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.
ബന്ധം വേർപെടുത്തിയതിന് കന്യൂസ് തന്റെ മുൻ കാമുകിയെ 111 തവണ കുത്തുകയും ബലാത്സംഗം ചെയ്യുകയും മൂന്നര മണിക്കൂർ പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇരുമ്പ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിെയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂര കൊലപാതകം നടത്തിയ വ്ലാഡിസ്ലാവ് സൈനിക യൂണിഫോമിൽ ആയുധമേന്തി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. തുടർന്ന് യുവതിയുടെ അമ്മ ഒക്സാന രംഗത്തെത്തി. ഭരണകൂടത്തിന്റെ നിയമരാഹിത്യം വല്ലാതെ ഉലച്ചെന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.
യുക്രൈനുമായി അതിർത്തി പങ്കിടുന്ന തെക്കൻ റഷ്യയിലെ റോസ്‌റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചതായി വനിതാ അവകാശ പ്രവർത്തക അലിയോണ പോപോവ പറഞ്ഞു. കന്യൂസിന് മാപ്പ് നൽകിയെന്നും ഏപ്രിൽ 27 ന് രാഷ്ട്രപതി ഉത്തരവിലൂടെ അദ്ദേഹത്തിന്റെ ശിക്ഷ ഒഴിവാക്കിയെന്നും പ്രസ്താവിച്ചു. അതേസമയം, റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് സർക്കാർ തീരുമാനത്തെ ന്യായീകരിച്ചു. റഷ്യൻ തടവുകാർ അവരുടെ കുറ്റകൃത്യങ്ങൾക്ക് രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam