
മോസ്കോ: പഞ്ചസാരയ്ക്കായി (Sugar) സൂപ്പർമാർക്കറ്റുകളിൽ റഷ്യയിലെ (Russia) ജനങ്ങൾ പരസ്പരം പോരടിക്കുന്ന വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ (Internet) വൈറലാണ് (Viral). യുക്രൈനിലെ യുദ്ധത്തിന്റെ (Ukraine War) സാമ്പത്തിക തകർച്ച കാരണം രാജ്യത്തെ ചില സ്റ്റോറുകൾ ഉപഭോക്താവിന് പഞ്ചാസര ലഭിക്കുന്നതിന് 10 കിലോ എന്ന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ വാർഷിക പണപ്പെരുപ്പം 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതോടെ പഞ്ചസാരയുടെ വില കുതിച്ചുയർന്നു. പുറത്തുവരുന്ന പല വീഡിയോകളിലും, ഷോപ്പിംഗ് കാർട്ടുകളിൽ നിന്ന് പഞ്ചസാര ബാഗുകൾ ലഭിക്കാൻ ആളുകൾ പരസ്പരം വഴക്കിടുന്നതും ആട്ടിയോടിക്കുന്നതും കാണാം. ഈ വീഡിയോകൾ ട്വിറ്ററിലൂടെ റഷ്യ-യുക്രൈൻ യുദ്ധം മൂലം സാധാരണ പൗരന്മാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്ത് പഞ്ചസാര ക്ഷാമം ഉണ്ടെന്ന ആരോപണം റഷ്യൻ സർക്കാർ നിഷേധിച്ചു. സ്റ്റോറുകളിൽ വാങ്ങുന്നതിന്റെ പരിഭ്രാന്തി മൂലവും പഞ്ചസാര നിർമ്മാതാക്കൾ വില കൂട്ടാൻ പൂഴ്ത്തിവെക്കുന്നത് മൂലവുമുണ്ടാകുന്ന പ്രതിസന്ധിയാണ് നിലവിലുള്ളതെന്നാണ് സർക്കാർ പറയുന്നത്. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്ത് പഞ്ചസാരയുടെ വില 31 ശതമാനം വരെ ഉയർന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കാരണം മറ്റ് പല ഉൽപ്പന്നങ്ങളും കൂടുതൽ ചെലവേറിയതായി മാറിയിരിക്കുകയാണ്. പാശ്ചാത്യ ഉടമസ്ഥതയിലുള്ള പല ബിസിനസ്സുകളും റഷ്യ ഉപേക്ഷിച്ചു. അതിനാൽ കാറുകൾ, വീട്ടുപകരണങ്ങൾ, ടെലിവിഷനുകൾ തുടങ്ങിയ വിദേശ ഇറക്കുമതി സാധനങ്ങൾക്ക് വലിയ ക്ഷാമം നേരിടുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam