അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്; ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയശങ്കർ

Published : Aug 18, 2025, 09:56 PM IST
Jaishankar

Synopsis

ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയും തമ്മിൽ ചൊവ്വാഴ്ച അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ജയ്ശങ്കർ അറിയിച്ചു.

ദില്ലി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ എസ് ജയശങ്കർ പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം മറ്റൊരു പ്രധാന മുൻഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മിൽ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചർച്ചകൾ സഹായകമാകുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ നിറവേറ്റുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്യുമെന്നും ജയ്ശങ്കർ പറഞ്ഞു.

ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാങ് യിയും തമ്മിൽ ചൊവ്വാഴ്ച അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ജയ്ശങ്കർ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ സംയുക്തമായി സമാധാനവും ശാന്തിയും നിലനിർത്താനുള്ള ഉത്തരവാദിത്തമാണ് ഊഷ്മളമായ ബന്ധത്തിന്റെ അടിസ്ഥാനമെന്നും സംഘർഷം ലഘൂകരിക്കുന്ന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ സ്വാഭാവികമായും അന്താരാഷ്ട്ര സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യ ഉൾപ്പെടെ, ന്യായവും സന്തുലിതവും ബഹുധ്രുവവുമായ ഒരു ലോകക്രമമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ബഹുരാഷ്ട്രീയം പരിഷ്കരിക്കുക എന്നത് ഇന്നത്തെ പ്രധാന ആഹ്വാനമാണ്. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

എൻ‌എസ്‌എ അജിത് ഡോവലുമായുള്ള അതിർത്തി പ്രശ്‌നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധികളുടെ 24-ാമത് റൗണ്ട് ചർച്ചകളിൽ പങ്കെടുക്കുന്നതിനായാണ് വാങ് യി രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം ആരംഭിച്ചത്. അതിർത്തി പ്രദേശങ്ങളിൽ ചൈന സമാധാനവും ശാന്തിയും നിലനിർത്തിയിട്ടുണ്ടെന്നും സിജാങ് സ്വയംഭരണ മേഖലയിലെ മൗണ്ട് ഗാങ് റെൻപോച്ചെയിലേക്കും മാപാം യുൻ ത്സോ തടാകത്തിലേക്കുമുള്ള ഇന്ത്യൻ തീർത്ഥാടനം പുനരാരംഭിച്ചിട്ടുണ്ടെന്നും സന്ദർശന വേളയിൽ വാങ് പറഞ്ഞു.

സഹകരണം വികസിപ്പിക്കുന്നതിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വേ​ഗത വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ചർച്ച പുനരുജ്ജീവിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സമ്മതിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ചർച്ച നടക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ അജിത് ഡോവൽ ചൈന സന്ദർശിച്ചിരുന്നു. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് വാങ്ങിന്റെ സന്ദർശനം.

ഇരു നേതാക്കളും തമ്മിലുള്ള ധാരണകൾ നടപ്പിലാക്കുക, ഉന്നതതല ആശയ വിനിമയങ്ങൾ നിലനിർത്തുക, രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കുക, സഹകരണം വികസിപ്പിക്കുക, ഉഭയകക്ഷി ബന്ധങ്ങളുടെ സുസ്ഥിരമായ വികസനം ഉറപ്പാക്കുന്നതിന് വ്യത്യാസങ്ങൾ ശരിയായി കൈകാര്യം ചെയ്യുക എന്നീ ലക്ഷ്യങ്ങളാണ് വാങ്ങിന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്