
ടെഹ്റാൻ: ആഗോള ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ തലപ്പത്തേക്ക് മുൻ ഈജിപ്ഷ്യൻ സ്പെഷ്യല്‍ ഫോഴ്സസ് ഓഫീസറായ സെയ്ഫ് അൽ അദെൽ നിയോഗിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം അമേരിക്ക മിസൈൽ ആക്രമണത്തിലൂടെ വധിച്ച അയ്‌മെൻ സവാഹിരിക്ക് പകരക്കാരനായാണ് സെയ്ഫ് അൽ അദെൽ എത്തുന്നതെന്നാണ് യുഎൻ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുള്ളത്. മുൻ ഈജിപ്ഷ്യൻ സൈനിക ഓഫീസറായ അദെൽ ഇറാൻ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1998ൽ ടാൻസാനിയയിലും കെനിയയിലും നടന്ന സ്ഫോടനങ്ങളുടെ പേരിൽ അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളി പട്ടികയിൽ ഉള്‍പ്പെട്ട കൊടും തീവ്രവാദിയാണ് അല്‍ അദെല്‍. അന്ന് 224 പേരോളം കൊല്ലപ്പെട്ടിരുന്നു. അയ്യായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. അമേരിക്ക 10 മില്യൺ ഡോളറാണ് അല്‍ അദെലിന്‍റെ തലയ്ക്ക് വിലയിട്ടിട്ടുള്ളത്. അയ്‌മെൻ അല്‍ സവാഹിരിയുടെ പിൻഗാമിയെ അൽ ഖ്വയ്ദ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ് ശ്രദ്ധേയം.
പക്ഷേ, യുഎൻ റിപ്പോര്‍ട്ടിനൊപ്പം യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും അല്‍ ഖ്വയ്ദ തലപ്പത്തേക്ക് അൽ അദെൽ നിയോഗിക്കപ്പെട്ടതായി സ്ഥിരീകരിക്കുന്നുണ്ട്. 2022 അല്ലെങ്കില്‍ 2003 മുതൽ സെയ്ഫ് അൽ അദെൽ ഇറാനിലുണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2003 ഏപ്രിലിൽ അദെലിനെയും മറ്റ് ചില അൽ ഖ്വയ്ദ നേതാക്കളെയും ഇറാൻ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍, യെമനില്‍ വച്ച് ഇറാൻ നയതന്ത്രജ്ഞനെ തട്ടിക്കൊണ്ട് പോവുകയും വിട്ടുകിട്ടണമെങ്കില്‍ അദെലിനെ അടക്കം മോചിപ്പിക്കണെന്ന് അല്‍ ഖ്വയ്ദ ആവശ്യപ്പെട്ടു. ഇതോടെയാണ് അല്‍ അദെല്‍ മോചിപ്പിക്കപ്പെട്ടത്.
നേരത്തെ, അഫ്ഗാനിൽ നടത്തിയ വ്യോമ ആക്രമണത്തിലൂടെയാണ് അയ്‌മെൻ സവാഹിരിയെ വധിച്ചതെന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് അറിയിച്ചത്. സി ഐ എ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നും നീതി നടപ്പായെന്നുമാണ് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ അന്ന് പറഞ്ഞത്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു അയ്മൻ അൽ സവാഹിരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam