രാവിലെ 10.30നും 10.45നും ഇടയിലാണ് ശബ്‍ദങ്ങള്‍ കേട്ടത്. വിവേകാനന്ദ ചൗക്ക് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്ന് നിഗൂഢമായ ശബ്‍ദങ്ങള്‍ കേട്ടതോടെ ജനങ്ങള്‍ ഭീതിയിലായി.
മുംബൈ: ഭൂമിക്കടിയില്‍ നിന്ന് നിഗൂഢമായ ശബ്‍ദങ്ങള്‍ കേട്ടതിന്‍റെ ഞെട്ടലില്‍ ജനങ്ങള്‍. മഹാരാഷ്ട്രയിലെ ലാത്തൂർ നഗരത്തിന്‍റെ കിഴക്കൻ ഭാഗത്താണ് സംഭവം. എന്നാല്‍, ഭൂചലനങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 10.30നും 10.45നും ഇടയിലാണ് ശബ്‍ദങ്ങള്‍ കേട്ടത്. വിവേകാനന്ദ ചൗക്ക് ഭാഗത്ത് ഭൂമിക്കടിയില്‍ നിന്ന് നിഗൂഢമായ ശബ്‍ദങ്ങള്‍ കേട്ടതോടെ ജനങ്ങള്‍ ഭീതിയിലായി.
ഇതോടെ ഭൂചലനമാണെന്ന തരത്തില്‍ പ്രചാരണങ്ങളും വന്നു. ആളുകള്‍ ഉടന്‍ ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് വിവരം ശേഖരിച്ച ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഭൂചലന സാധ്യതകളില്ലെന്ന് വ്യക്തമാക്കി. 1993ൽ കില്ലാരി ഗ്രാമത്തിലും ജില്ലയിലെ സമീപ പ്രദേശങ്ങളിലുമുണ്ടായ ഭൂകമ്പത്തിൽ 10,000 പേർ കൊല്ലപ്പെട്ടിരുന്നു.
മറാത്ത്വാഡ മേഖലയിൽ ചില ശബ്‍ദങ്ങള്‍ കേള്‍ക്കുന്നതായി ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥൻ സാകെബ് ഒസ്മാനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ ലാത്തൂർ ജില്ലയിലെ ഹസോരി, കില്ലാരി, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൂന്ന് തവണ അത്തരം ശബ്‍ദങ്ങള്‍ കേട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ന്യൂസിലന്‍ഡ്, തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂചലനത്തിന്‍റെ ഞെട്ടലിലാണ് ലോകം. ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലാന്‍ഡിലും വെല്ലിംഗ്ടണിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി ആളുകളെ കാണാതായതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് ബുധനാഴ്ച വ്യക്തമാക്കി. രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളേയും ഗബ്രിയേല ചുഴലിക്കാറ്റ് സാരമായി ബാധിച്ചതായാണ് ക്രിസ് ഹിപ്കിന്‍സ് വിശദമാക്കുന്നത്. 140000 ജനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇതില്‍ 80,000 വീടുകളില്‍ മാത്രമാണ് വൈദ്യുതി പുനസ്ഥാപിക്കാനായിട്ടുള്ളത്. വെള്ളപ്പൊക്കത്തിന് പിന്നാലെ ശുദ്ധജലക്ഷാമമാണ് മേഖലയിലെ പലയിടങ്ങളിലും അനുഭവപ്പെടുന്നത്.
