
ദില്ലി : ആഗോള ഭീകര സംഘടനാ ആയ അൽ ഖ്വൈദയുടെ തലപ്പത്ത് ഇപ്പോൾ സെയ്ഫ് അൽ അദെൽ ആണെന്ന് യുഎൻ റിപ്പോർട്ട്. അദെൽ നേതൃത്വത്തിൽ എത്തിയത് അയ്‌മെൻ സവാഹിരി അമേരിക്കയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെയാണ്. അന്താരാഷ്ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളി പട്ടികയിൽ പെട്ട കൊടും തീവ്രവാദിയാണ് അദെൽ.
ഈജിപ്തിലെ പ്രത്യേക സേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു സെയ്ഫ് അൽ അദെൽ. ഇദ്ദേഹത്തിന്റെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളർ (ഒരു കോടി ഡോളർ) ആണ് വിലയിട്ടിരിക്കുന്നത്. എന്നാൽ അൽ ഖ്വൈദ തങ്ങളുടെ തലവനായിരുന്ന അയ്‌മെൻ സവാഹിരിക്ക് പിൻഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാബൂളിൽ കഴിഞ്ഞ വർഷം അമേരിക്ക നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.
ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അൽ ഖ്വൈദയെ നയിച്ചത് സവാഹിരിയായിരുന്നു. 2011 ൽ ബിൻ ലാദൻ കൊല്ലപ്പെട്ട ശേഷം ഭീകര സംഘടനയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു സവാഹിരിയുടെ വധം. തുടർന്ന് സംഘടനയുടെ തലപ്പത്തേക്ക് പൊതുസമ്മതനായി അദെൽ ഉയർന്നുവെന്നാണ് കരുതുന്നത്.
ജനുവരിയിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അൽ ഖ്വൈദയുടെ തലവനാരെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ യുഎൻ നവംബറിലും ഡിസംബറിലും അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെയ്ഫ് അൽ അദെൽ, അൽ ഖ്വൈദയുടെ പരമോന്നത നേതാവായി പ്രവർത്തിക്കുകയാണെന്ന് കണ്ടെത്തിയത്.
എന്നാൽ തന്റെ മുൻ തലവന്മാരെ പോലെയല്ല അദെലിന്റെ പ്രവർത്തനം. രഹസ്യമായി അൽ ഖ്വൈദയെ ശക്തിപ്പെടുത്തുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് യുഎൻ പറയുന്നു. താൻസാനിയയിലും കെനിയയിലും അൽ ഖ്വൈദ 1998 ൽ നടത്തിയ ആക്രമണങ്ങളിൽ അദെലിന് പങ്കുണ്ടായിരുന്നു. 224 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും 5000 ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അദെലിന്റെ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് അന്താരാഷ്ട്ര ഏജൻസികളുടെ പക്കലുള്ളത്. 2002 ൽ പാക്കിസ്ഥാനിൽ വെച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ വഘിച്ചതും ഇയാളാണ്. ഇങ്ങനെ തുടങ്ങി വളരെ കുറച്ച് വിവരങ്ങൾ മാത്രമേ യുഎസ് ഏജൻസികളുടെ പക്കലും അദെലിനെ കുറിച്ചുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam