ഇനി ജീവനക്കാരുടെ ശമ്പളം ഇനി 15 ദിവസം കൂടുമ്പോൾ; പുതിയ സാമ്പത്തിക പരിഷ്കരണവുമായി നേപ്പാൾ

Published : Apr 23, 2026, 10:30 PM IST
nepal currency

Synopsis

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി നേപ്പാൾ സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ 15 ദിവസം കൂടുമ്പോൾ ശമ്പളം നൽകാൻ തീരുമാനിച്ചു. ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്നത്. 

കാഠ്‍മണ്ഡു: സർക്കാർ ജീവനക്കാരുടെ ശമ്പളം മാസം തോറും നൽകുന്ന പതിവ് രീതി മാറ്റി ഇനി മുതൽ 15 ദിവസം കൂടുമ്പോൾ നൽകാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കാനുമാണ് ഈ സുപ്രധാന നീക്കമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ധനമന്ത്രി സ്വരാണിം വാഗ്ലെ പുറപ്പെടുവിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകി.

ജീവനക്കാരുടെ കൈകളിൽ കൃത്യമായ ഇടവേളകളിൽ പണമെത്തുന്നത് വഴി ഉപഭോഗം വർദ്ധിപ്പിക്കുകയും അതുവഴി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സജീവമാക്കുകയുമാണ് ഈ നയത്തിന്റെ ലക്ഷ്യം. വിപണിയിൽ സ്ഥിരമായ പണമിടപാടുകൾ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ നേപ്പാൾ മാറി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലദ്വീപ് എന്നീ അയൽരാജ്യങ്ങളെല്ലാം ഇപ്പോഴും മാസം തോറുമുള്ള ശമ്പള രീതിയാണ് പിന്തുടരുന്നത്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ഇത്തരം വ്യത്യസ്തമായ പരീക്ഷണങ്ങൾ അത്യാവശ്യമാണെന്ന് നേപ്പാളിലെ സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സർക്കാർ മേഖലയിൽ ഇത് വിജയിക്കുകയാണെങ്കിൽ ഭാവിയിൽ സ്വകാര്യ മേഖലയിലേക്കും ഈ രീതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.

അതേസമയം, പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിന് നിയമപരമായ ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ട്. നേപ്പാളിലെ നിലവിലുള്ള സിവിൽ സർവീസ് നിയമത്തിലെ 28-ാം വകുപ്പ് പ്രകാരം ഒരു മാസത്തെ സേവനം പൂർത്തിയാക്കിയാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളവും അലവൻസുകളും നൽകാൻ വ്യവസ്ഥയുള്ളൂ. അതിനാൽ, പുതിയ ഉത്തരവ് പൂർണ്ണമായി നടപ്പിലാക്കണമെങ്കിൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുകയോ അല്ലെങ്കിൽ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടി വരും. നിയമതടസ്സങ്ങൾ നീക്കാനുള്ള ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചു കഴിഞ്ഞു.

സർക്കാർ ജീവനക്കാരെ കൂടാതെ നേപ്പാൾ സൈന്യം, പോലീസ്, അധ്യാപകർ എന്നിവരിലേക്കും ഈ രീതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സാങ്കേതികമായി ശമ്പളം വിതരണം ചെയ്യാൻ തടസ്സങ്ങളൊന്നുമില്ലെന്ന് ഫിനാൻഷ്യൽ കൺട്രോളർ ജനറൽ ഓഫീസ് അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും അവധി നൽകുന്ന പുതിയ പരിഷ്കാരത്തിന് പിന്നാലെയാണ് ശമ്പള വിതരണത്തിലും മാറ്റം വരുത്തിക്കൊണ്ട് നേപ്പാൾ സർക്കാർ ജനപ്രിയ നീക്കങ്ങൾ നടത്തുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനിലെ മുൻ കിരീടാവകാശി റിസ പഹ്‌ലവിക്ക് നേരെ ബെർലിനിൽ അപ്രതീക്ഷിത മഷി ആക്രമണം; പ്രതിഷേധം യുദ്ധ നിലപാടുകൾക്കെതിരെ
10 ഇന്ത്യൻ കപ്പലുകൾ ഇതുവരെ ഹോർമുസ് കടന്നു, പൂർണ്ണ സ്വാതന്ത്ര്യം ഹോർമുസിൽ ഉറപ്പാക്കണമെന്നും ഇന്ത്യ; നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി ചർച്ച