10 ഇഞ്ച് മാത്രം അകലെയിരുന്ന ഭാര്യക്ക് ഒരുവെടിപോലുമേറ്റില്ല; ഇറാനിയന്‍ ശാസ്ത്രജ്ഞനെ വധിച്ചത് ഇങ്ങനെ

By Web TeamFirst Published Dec 7, 2020, 5:24 PM IST
Highlights

അത്യാധുനിക ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ യന്ത്രത്തോക്കുകള്‍ക്ക് മാത്രമാണ് ഇത്ര കൃത്യമായി കാര്യങ്ങള്‍ ചെയ്യാനാകുകയെന്നും അലി ഫദവി പറഞ്ഞു.
 

ടെഹ്‌റാന്‍: ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫഖ്രിസാദേഹിനെ കൊലപ്പെടുത്തിയത് നിര്‍മ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ യന്ത്രത്തോക്ക് ഉപയോഗിച്ചെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെ ഭാര്യയോടൊപ്പം ടെഹ്‌റാനിലെ ഹൈവേയിലൂടെ സഞ്ചരിക്കവെയാണ് അദ്ദേഹത്തിന്റെ മുഖം ലക്ഷ്യമാക്കി 13 റൗണ്ട് വെടിയുതിര്‍ത്തതെന്ന് റിയര്‍ അഡ്മിറല്‍ അലി ഫദവി പറഞ്ഞു.

ഫഖ്രിസദേഹിന്റെ 10 ഇഞ്ച് മാത്രം അടുത്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരത്തില്‍ ഒറ്റവെടി പോലും കൊണ്ടില്ല. അത്യാധുനിക ക്യാമറ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിത ബുദ്ധിയിലൂടെ നിയന്ത്രിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ യന്ത്രത്തോക്കുകള്‍ക്ക് മാത്രമാണ് ഇത്ര കൃത്യമായി കാര്യങ്ങള്‍ ചെയ്യാനാകുകയെന്നും അലി ഫദവി പറഞ്ഞു. ഫക്രിസാദേയെ രക്ഷിക്കാന്‍ വേണ്ടി മുന്നിലേക്ക് എടുത്തുചാടിയ സുരക്ഷാ ജീവനക്കാരുടെ തലവന് നാല് വെടിയുണ്ടകളേറ്റു. മറ്റ് തീവ്രവാദി സാന്നിധ്യങ്ങളൊന്നും പരിസരത്ത് ഉണ്ടായിരുന്നില്ല.

ഇസ്രായേലിനെയും നിരോധിത സംഘടനയായ പീപ്പിള്‍സ് മുജാഹിദ്ദീന്‍ ഒഫ് ഇറാന്‍ എന്ന സംഘടനയെയുമാണ് കൊലപാതകത്തില്‍ ഇറാന്‍ പഴിചാരുന്നത്. സംഭവ സ്ഥലത്തുനിന്ന് ഇസ്രായേല്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെടുത്തെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശാസ്ത്രജ്ഞന്റെ കൊലപാതകത്തിന് പിന്നില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ തോക്കുകളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

click me!