
റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാന് പിന്തുണയുള്ള ഹൂതി വിമതർ തൊടുത്ത ഡ്രോൺ സൗദി അറേബ്യൻ വ്യോമപ്രതിരോധ സേന തകർത്തു. മക്കയുടെ തെക്കൻ മേഖലയിലെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് ചൊവ്വാഴ്ചയാണ് ഡ്രോൺ തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി ബുധനാഴ്ച രാവിലെ അറിയിച്ചു.
മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കി. ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അത് സൗദിയുടെ 'റെഡ് ലൈൻ' ആണെന്നും തുർക്കി അൽ മാലികി വ്യക്തമാക്കി. ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ കടുപ്പിക്കും. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സംഘടന വ്യക്തമാക്കി. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികൾ ചെങ്കടലിലൂടെയുള്ള സൗദി എണ്ണക്കപ്പലുകളുടെ ഗതാഗതം തടസ്സപ്പെടുത്താൻ നീക്കം നടത്തുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ സൗദി എയർബേസുകൾക്ക് നേരെ ഉൾപ്പെടെ ഹൂതികൾ നിരവധി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam