
റിയാദ്: ചെങ്കടൽ മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഊർജ്ജ വിതരണ പാതകൾക്കും സംരക്ഷണം നൽകുന്നതിനായി പുതിയ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കാൻ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. യമനിലെ ഹൂതി വിമതരുടെ ആക്രമണം മൂലം ആഗോള വ്യാപാര പാതയിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ വിളിച്ചുചേർത്ത അന്താരാഷ്ട്ര യോഗത്തിൽ യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ 43 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. പുതിയ സഖ്യത്തിന്റെ സ്ഥാപക രാജ്യവും നേതൃസ്ഥാനവും സൗദി അറേബ്യ വഹിക്കും. സഖ്യത്തിന്റെ ആസ്ഥാനവും സൗദിയിലായിരിക്കും പ്രവർത്തിക്കുക.
ബാബ് എൽ-മന്ദെബും ഏഡൻ ഉൾക്കടലും സുരക്ഷിതമാക്കും. ബാബ് എൽ-മന്ദെബ് കടലിടുക്കും ഏഡൻ ഉൾക്കടലും ഉൾപ്പെടെയുള്ള നിർണായക സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുക, സ്വതന്ത്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുർക്കി, പാകിസ്താൻ, ഈജിപ്ത്, സുഡാൻ, ജിബൂട്ടി തുടങ്ങി 14 രാജ്യങ്ങൾ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയിറക്കി. എന്നാൽ ജിസിസി രാജ്യങ്ങളിൽപ്പെട്ട ഒമാൻ, യുഎഇ എന്നിവർ നിലവിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച പട്ടികയിലില്ല.
കഴിഞ്ഞ ജൂലൈ 20ന് ചെങ്കടലിൽ സൗദി അറേബ്യയ്ക്ക് നേരെ കടൽമാർഗ്ഗമുള്ള ഉപരോധം ഏർപ്പെടുത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു. ഇതിന് മറുപടിയായി യമനിലെ ഹൊദൈദയിലുള്ള ഹൂതി സൈനിക താവളങ്ങൾക്ക് നേരെ സൗദി വ്യോമാക്രമണം നടത്തിയിരുന്നു. എണ്ണ വിതരണത്തിന് ഏറെ നിർണായകമായ ബാബ് എൽ-മന്ദെബ് കടലിടുക്കിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധനവിനും കാരണമായിട്ടുണ്ട്. 2024ൽ യൂറോപ്യൻ യൂണിയനും ചെങ്കടലിൽ കപ്പൽ ഗതാഗതം സംരക്ഷിക്കാൻ പ്രത്യേക നാവിക ദൗത്യം ആരംഭിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam