
സെവൂത്ത: സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ ഇരച്ചുകയറുന്നതിനെത്തുടർന്ന് മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. കടൽമാർഗ്ഗം അതിർത്തി വേലികൾ നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അനിയന്ത്രിതമായ കുടിയേറ്റ പ്രവാഹവും സുരക്ഷാ ഭീഷണിയും കണക്കിലെടുത്ത് നഗരത്തിൽ സ്പാനിഷ് സർക്കാർ സൈന്യത്തെ വിന്യസിച്ചു.
മൊറോക്കോയിൽ നിന്ന് സെവൂത്തയിലെ താരജാൽ തീരത്തേക്ക് കടൽമാർഗ്ഗം നീന്തിയെത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ഒമ്പത് അഭയാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കടൽത്തീരങ്ങളിലെയും അതിർത്തി വേലികളിലെയും കാവൽ ശക്തമാക്കി. നഗരത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അതിക്രമിച്ചു കയറുന്നവരെ തടയാനുമായി കരസേനയുടെ പ്രത്യേക വിഭാഗത്തെ നിയോഗിച്ചു. ഹെലികോപ്റ്ററുകളും റെസ്ക്യൂ ബോട്ടുകളും ഉപയോഗിച്ച് കടലിലും കരയിലും പരിശോധന വ്യാപിപ്പിച്ചു. അതിർത്തി കടന്നെത്തിയ നൂറുകണക്കിന് ആളുകളെ താൽക്കാലിക തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സ്ഥിതിഗതികൾ അതിരൂക്ഷമായതോടെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്റെ വിദേശ പര്യടനങ്ങൾ റദ്ദാക്കി അടിയന്തര യോഗം വിളിച്ചുചേർത്തു. അതിക്രമിച്ചു കയറിയ അഭയാർത്ഥികളെ അടിയന്തരമായി മൊറോക്കോയിലേക്ക് തന്നെ തിരിച്ചയക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെങ്കിലും, അതിർത്തിയിലെ സംഘർഷാവസ്ഥ തുടരുകയാണ്. മനുഷ്യക്കടത്ത് സംഘങ്ങളാണ് ജനങ്ങളെ അപകടകരമായ യാത്രയ്ക്ക് പ്രേരിപ്പിക്കുന്നതെന്ന് ഇരുരാജ്യങ്ങളിലെയും ഭരണകൂടങ്ങൾ കുറ്റപ്പെടുത്തി. അതേസമയം, വടക്കേ ആഫ്രിക്കയിലെ സ്പാനിഷ് അതിർത്തികളിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കുടിയേറ്റ സുരക്ഷാ പ്രതിസന്ധികളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam