
റിയാദ്: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന്‍റെ ഭാഗമായുള്ള പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി അറേബ്യ. ഹോർമുസ്, ബാബ് അൽ മന്ദബ് ഉൾപ്പെടെയുള്ള സുപ്രധാന കപ്പൽ പാതകൾ സുരക്ഷിതമാക്കണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അതേസമയം, അമേരിക്കൻ സേനയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കാണുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക സാമ്പത്തിക ഉപരോധം കടുപ്പിച്ചാൽ ഇറാൻ കൂടുതൽ സംഘർഷങ്ങൾക്ക് മുതിർന്നേക്കുമെന്ന ആശങ്കകൾ നിലനിൽക്കെ, ഇറാനുമായുള്ള എല്ലാ വാണിജ്യ-സാമ്പത്തിക ഇടപാടുകളും യു എ ഇ പൂർണ്ണമായി നിർത്തിവെച്ചു.
അമേരിക്കയ്ക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധത്തിലെ പങ്കാളികളായി കണക്കാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ കരസേന മേധാവിയാണ് രംഗത്തെത്തിയത്. മേഖലയിലെ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം അമേരിക്കൻ ടാങ്കർ വിമാനങ്ങൾ എങ്ങനെ തമ്പടിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സാന്നിധ്യത്തിലും അമേരിക്കയുമായുള്ള സഹകരണത്തിലും ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതാണ് ഈ പ്രസ്താവന. അമേരിക്കയുമായുള്ള യുദ്ധം ശക്തമാകുമ്പോൾ ഗൾഫിലേക്ക് കൂടുതൽ ആക്രമണമുണ്ടാകുമെന്ന വ്യക്തമായ സന്ദേശം കൂടിയാണ് ഇറാൻ നൽകിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ യു എ ഇ നിലപാട് കടുപ്പിച്ചതോടെ യു എ ഇയെ ആക്രമിച്ചത് തങ്ങളല്ലെന്ന വിശദീകരണവും ഇറാൻ നേരത്തെ നൽകിയിരുന്നു. മിസൈൽ ആക്രമണ ശ്രമമുണ്ടായതിന് പിന്നാലെ ഇറാനുമായുള്ള വ്യാപാര - വാണിജ്യ - സാമ്പത്തിക ഇടപാടുകളെല്ലാം യു എ ഇ നിർത്തിവച്ചിരിക്കുകയാണ്. ചർച്ചകളിൽ തീരുമാനമില്ലാത്ത സ്ഥിതിക്ക്, ഇറാന് മേൽ സാമ്പത്തിക സമ്മർദം കൂട്ടാനും ചർച്ചകൾ നിർത്തി വെക്കാനുമാണ് ഡോണൾഡ് ട്രംപിന്റെ നിർദേശമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam