
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യകൾ ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് അതിശക്തമായി തിരിച്ചടി നൽകുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. അബഹ, ഖമീസ് മുശൈത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരിക്കേൽക്കുകയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ചയാണ് സൗദിയുടെ കടുത്ത മുന്നറിയിപ്പ്.
കഴിഞ്ഞ ജൂലൈയിൽ യെമൻ ആഭ്യന്തര യുദ്ധം വീണ്ടും ശക്തമായതിന് ശേഷം സൗദി പിന്തുണയുള്ള സർക്കാർ സേനയും ഹൂതികളും തമ്മിൽ കടുത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. റിയാദിന് നേരെ ഉപരോധം പ്രഖ്യാപിച്ച ഹൂതി വിമതർ, ചെങ്കടലിലൂടെ പോകുന്ന സൗദി കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച യെമന്റെ റെഡ് സീ തീരത്തിന്റെയും ബാബ് അൽ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത് യെമൻ സർക്കാർ സേനയ്ക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.
യുഎസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ബാബ് അൽ മന്ദബ് മേഖലയിലെ ഹൂതി സാന്നിധ്യം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് കനത്ത ഭീഷണിയാകുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അതിർത്തി സംരക്ഷിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും സൈനിക നടപടികളും സ്വീകരിക്കുമെന്ന് സൗദി അറേബ്യൻ അധികൃതർ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളായ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് യെമനിലെ അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് സഖ്യസേന വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ 13 പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ മേഖലയിലെ ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam