സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം കണ്ടെത്തി. മദീനക്കടിയിൽ 110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം. ഏകദേശം 110 മില്യൺ ടൺ അയിര് ശേഖരമാണ് മദീനയിൽ കണ്ടെത്തിയിട്ടുള്ളത്.
റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ വാർഷിക ജനറൽ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സൗദി ഊർജ്ജ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗദി സ്റ്റേറ്റ് ടെലിവിഷനാണ് വിവരം പുറത്തുവിട്ടത്.
ഏകദേശം 110 മില്യൺ ടൺ (11 കോടി ടൺ) അയിര് ശേഖരമാണ് മദീനയിൽ കണ്ടെത്തിയിട്ടുള്ളത്. സ്വന്തമായി ഊർജ്ജ ഉൽപ്പാദനത്തിനും സാങ്കേതിക മുന്നേറ്റത്തിനുമായി യുറേനിയം ഉൽപ്പാദിപ്പിക്കാനുള്ള സൗദിയുടെ പദ്ധതികൾക്ക് ഈ കണ്ടെത്തൽ വൻ കരുത്താകും. വിഷൻ 2030-ന്റെ ഭാഗമായി എണ്ണയിതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനും ഖനന മേഖല വികസിപ്പിക്കാനും സൗദി അറേബ്യ ലക്ഷ്യമിടുന്നുണ്ട്. മേഖലയിലെ കൂടുതൽ ഇടങ്ങളിൽ ഖനന സാദ്ധ്യതകളും യുറേനിയത്തിന്റെ സാന്ദ്രതയും പരിശോധിക്കുന്നതിനുള്ള സർവേകൾ പുരോഗമിക്കുകയാണ്. അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പുവെച്ച സിവിലിയൻ ആണവ സഹകരണ കരാറിന് ഈ കണ്ടെത്തൽ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


