ഷെങ്കൻ വിസ നിരസിക്കപ്പെട്ടതിലൂടെ 2024ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ; നിരസിച്ചതിൽ ഒന്നാമത് ഫ്രാൻസ്

Published : May 24, 2025, 09:52 AM IST
ഷെങ്കൻ വിസ നിരസിക്കപ്പെട്ടതിലൂടെ 2024ൽ ഇന്ത്യക്കാർക്ക് നഷ്ടമായത് 136 കോടി രൂപ; നിരസിച്ചതിൽ ഒന്നാമത് ഫ്രാൻസ്

Synopsis

ഫ്രാൻസാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിച്ച രാജ്യം. അപേക്ഷ തള്ളിയാലും ഫീസ് തിരിച്ചു നൽകാത്തതിനാൽ ഇന്ത്യക്കാർക്ക് നഷ്ടം 136.6 കോടി രൂപ

ബ്രസൽസ്: ഏറ്റവും കൂടുതൽ ഷെങ്കൻ വിസ നിരസിക്കപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്.  2024ൽ 1.65 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇതോടെ 136 കോടിയുടെ നഷ്ടമുണ്ടായി. യൂറോപ്യൻ കമ്മീഷന്റെ കണക്ക് അനുസരിച്ച് നിരസിക്കപ്പെട്ടത് 15 ശതമാനം അപേക്ഷകൾ ആണ്. ഫ്രാൻസാണ് കൂടുതൽ അപേക്ഷകൾ നിരസിച്ചത്. ഏറ്റവും കൂടുതൽ അപേക്ഷകൾ നിരസിക്കപ്പെട്ടത് അൾജീരിയ, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടേതാണ്.

കോണ്ടെ നാസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിന്ന് കഴിഞ്ഞ വർഷം സമർപ്പിച്ചതിൽ 5.91 ലക്ഷം അപേക്ഷകൾ അംഗീകരിക്കുകയും 1.65 ലക്ഷം അപേക്ഷകൾ നിരസിക്കുകയും ചെയ്തു. 2024ൽ ആകെ നിരസിക്കപ്പെട്ട ഷെങ്കൻ വിസ അപേക്ഷകളുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. ഫീസ് ഇനത്തിൽ 1410 കോടി രൂപയാണ് ലഭിച്ചത്.  അതിൽ 136.6 കോടി രൂപ ഇന്ത്യക്കാരുടേതാണ്. അപേക്ഷ തള്ളിയാലും ഫീസ് തിരിച്ചു നൽകാത്തതിനാലാണ് ഇത്രയും ഭീമമായ തുക വന്നത്. 

ഇന്ത്യൻ വിസകളിൽ ഭൂരിഭാഗവും നിരസിച്ചത് ഫ്രാൻസാണ്. 31,314 അപേക്ഷകൾ. ഇതിനുപുറമെ സ്വിറ്റ്സർലൻഡ്  26,126 അപേക്ഷകളും ജർമ്മനി 15,806ഉം സ്പെയിൻ 15,150ഉം നെതർലാൻഡ്‌സ് 14,569 അപേക്ഷകളും നിരസിച്ചു. 

കൂടാതെ, 12 വയസ്സിന് മുകളിൽ പ്രായമുള്ള ഇന്ത്യൻ അപേക്ഷകർക്ക്  അപേക്ഷാ ചെലവ് 80 യൂറോയിൽ (ഏകദേശം 7746 രൂപ) നിന്ന് 90 യൂറോ (ഏകദേശം 8714 രൂപ) ആയി വർദ്ധിപ്പിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികൾ, വിദ്യാർത്ഥികൾ, നോണ്‍ പ്രോഫിറ്റ് സംഘടനകളുടെ പ്രതിനിധികൾ, ചില പ്രത്യേക കേസുകൾ എന്നിവരെ വർദ്ധിപ്പിച്ച ഫീസ് ഘടനയിൽ നിന്ന് ഒഴിവാക്കി.

അപേക്ഷാ നിരസിക്കൽ നിരക്ക് കൂടിയതും സാമ്പത്തിക നഷ്ടവും ട്രാവൽ ഏജൻസികളെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കി. ഇത് ടൂറിസം, ബിസിനസുകൾ, അക്കാദമിക് അവസരങ്ങൾ എന്നിവയെയും ബാധിക്കുന്നു. ഇന്ത്യയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാക്കുന്നതിന് കൂടുതൽ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുടെ ആവശ്യകതയിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. 

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക, ഗ്രീസ്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്‌റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വീഡിയോ! അടിയന്തിര ലാന്‍ഡിംഗ് നടത്തിയ ചെറുവിമാനം കാറിലിടിച്ചു, അപകടം ഫ്ലോറിഡയിൽ, കാർ യാത്രക്കാരിക്ക് പരിക്ക്
16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ആദ്യ രാജ്യമായി ഓസ്‌ട്രേലിയ, സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി 25 ലക്ഷത്തോളം കൗമാരക്കാർ