സാധാരണ ജീവിതത്തിലേക്ക് മടങ്ങി വുഹാൻ; വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം

By Web TeamFirst Published Aug 29, 2020, 1:54 PM IST
Highlights

സ്കൂളിലേക്കും പുറത്തേയ്ക്കും വരുമ്പോഴും പോകുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. 


ഷാങ്ഹായ്: ചൈനീസ് ന​ഗരമായ വുഹാനിൽ വിദ്യാലയങ്ങൾ തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. പ്രാദേശിക അധികൃതരാണ് വിദ്യാലയങ്ങളും കിന്റർ​ഗാർട്ടനുകളും തുറക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ന​ഗരത്തിലുടനീളമുളള 2842 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1.4 മില്യൺ വിദ്യാർത്ഥികളാണുള്ളത്. തിങ്കളാഴ്ച വുഹാൻ സർവ്വകലാശാല തുറക്കുമെന്ന് അറിയിപ്പുണ്ട്. സ്ഥിതി​ഗതികൾ വീണ്ടും മോശമായാൽ ഓൺലൈൻ അധ്യാപനത്തിലേക്ക് മടങ്ങാനുള്ള അടിയന്തര സംവിധാനങ്ങളും ആവിഷ്കരിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. 

സ്കൂളിലേക്കും പുറത്തേയ്ക്കും വരുമ്പോഴും പോകുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. സാധിക്കുമെങ്കിൽ പൊതു​ഗതാ​ഗത സംവിധാനത്തെ ആശ്രയിക്കരുത്. രോ​ഗനിയന്ത്രണ ഉപകരണങ്ങൾ സ്കൂളുകളിൽ ഉണ്ടായിരിക്കണം. പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള  പരിശീലന പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാനും നിർദ്ദേശമുണ്ട്. അനാവശ്യമായ ഒത്തു ചേരലുകൾ പാടില്ല. അതുപോലെ ആരോ​ഗ്യ അധികൃതർക്ക് കൃത്യമായ റിപ്പോർട്ടും സമർപ്പിക്കണം. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് സംശയിക്കുന്ന വുഹാൻ സിറ്റി കഴിഞ്ഞ ജനുവരി മാസം മുതൽ അടച്ചിട്ട നിലയിലായിരുന്നു. വുഹാനിലെ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ വരുന്നു എന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഇവിടെ ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു. 

click me!