യുക്രൈൻ സംഘർഷം: പ്രശ്നപരിഹാരം ഞങ്ങളും ആഗ്രഹിക്കുന്നു'; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ

By Web TeamFirst Published Sep 16, 2022, 7:44 PM IST
Highlights

യുക്രൈൻ സംഘർഷം എത്രയും വേഗം പരിഹരിക്കപ്പെടാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ.

സമര്‍ഖണ്ട്: യുക്രൈൻ സംഘർഷം എത്രയും വേഗം പരിഹരിക്കപ്പെടാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിലായിരുന്നു പുടിന്റെ പരാമർശം. ഉക്രെയ്നിലെ സംഘർഷത്തെക്കുറിച്ചും അതിൽ താങ്കളുടെ ആശങ്കകളെക്കുറിച്ചും അറിയാം. ഇതെല്ലാം എത്രയും വേഗം അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു.

ഇന്നത്തെ കാലഘട്ടം യുദ്ധങ്ങളുടേതല്ല, ഫോൺ കോളിൽ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയിൽ നമുക്ക് എങ്ങനെ മുന്നോട്ടുപോകാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ  ഇന്ന് നമുക്ക് അവസരം ലഭിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും റഷ്യയും പതിറ്റാണ്ടുകളായി പരസ്പരം ഒരുമിച്ചുനിൽക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.  നാളെ ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളും പുടിൻ നേർന്നു. എന്റെ പ്രിയ സുഹൃത്തേ, നാളെ നിങ്ങൾ നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ പോവുകയാണ്. ആശംസകൾ എന്നുമായിരുന്നു പുടിന്റെ വാക്കുകൾ.

അതേസമയം അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് ഒരു രാജ്യവും തടസ്സം നില്ക്കരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുമ്പോഴാണ് നരേന്ദ്ര മോദി ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം പാകിസ്ഥാൻ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ മുന്നറിയിപ്പ്. 

Uzbekistan | I know about your position on the conflict in Ukraine & also about your concerns. We want all of this to end as soon as possible. We will keep you abreast of what is happening there: Russian President Putin during a bilateral meet with PM Modi pic.twitter.com/TTqOhHnM5P

— ANI (@ANI)

യുക്രൈയ്നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു എന്ന് മോദി വ്യക്തമാക്കി. ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും.  . 

ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിലാണ് ഷാങ്ഹായ് ഉച്ചകോടിക്ക് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ഇതിനോടകം പൂർത്തിയായി. ഷാങ്ഹായി സഹകരണ സംഘടന കൂടുതൽ രാജ്യങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കണം എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്തെ യോഗത്തിൽ മുന്നോട്ടു വച്ചു. ഇപ്പോൾ എട്ടു രാജ്യങ്ങളുള്ള ഷാങ്ഹായി സഹകരണ സംഘടനയിൽ ഇറാനെ കൂടി അംഗരാജ്യമാക്കാൻ ഉച്ചകോടി തീരുമാനിക്കും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 

Read more: തമ്മിലടിച്ച് റഷ്യയുടെ കൂട്ടുകാര്‍: കിർഗിസ്ഥാൻ -താജികിസ്താൻ സംഘര്‍ഷത്തിൽ മരണം മൂന്നായി

2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ്‌സിഒയ്ക്ക്  ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് മുഴുവൻ അംഗങ്ങളുമുണ്ട്. 2017ൽ ഇന്ത്യയും പാക്കിസ്ഥാനും പൂർണ അംഗങ്ങളായി ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി  ഉസ്ബെക്കിസ്ഥാൻ, ഇറാന്‍ രാജ്യ തലവന്‍മാരുമായി കൂടി നയതന്ത്രതല ചർച്ച നടത്തുമെന്നാണ് വിദേശകാര്യമന്ത്രി നൽകുന്ന സൂചന.  

click me!