
ക്വലാലംപൂർ: 2014ൽ കാണാതായ മലേഷ്യൻ എയർലൈൻസ് വിമാനത്തിനായുള്ള തെരച്ചിൽ നിർത്തിവച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് തെരച്ചിൽ നിർത്തിവച്ചത്. ഈ വർഷം അവസാനം തെരച്ചിൽ പുനരാരംഭിക്കുമെന്ന് മലേഷ്യൻ ഗതാഗത മന്ത്രി ലോക് സ്യൂ ഫൂക്ക് പറഞ്ഞു. എന്നാൽ ഇത്രയും ഇടവേള എടുക്കുന്നത് എന്തുകൊണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
2014 മാർച്ച് എട്ടിനാണ് 227 യാത്രക്കാരും 12 ജീവനക്കാരുമായി ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പറന്ന മലേഷ്യന്‍ എയർലൈന്‍സിന്‍റെ എംഎച്ച് 370 വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്. 2018ൽ നിർത്തിയ തെരച്ചിലാണ് പുനരാരംഭിച്ചത്. ടെക്സസ് ആസ്ഥാനമായുള്ള മറൈൻ റോബോട്ടിക്സ് കമ്പനിക്കാണ് മലേഷ്യൻ സർക്കാർ അന്തിമ അനുമതി നൽകിയത്. അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഓഷ്യൻ ഇൻഫിനിറ്റി എന്ന കമ്പനിക്ക് 70 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) നൽകൂ എന്നാണ് വ്യവസ്ഥ.
വിമാനം കാണാതായതിനെ കുറിച്ച് പല നിഗമനങ്ങളുമുണ്ടായി. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകർന്ന് വീണു എന്നതായിരുന്നു ഒരു നിഗമനം. പക്ഷേ അവശിഷ്ടത്തിന്‍റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രക്കാരുടെ കുടുംബങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും അതിനാലാണ് തെരച്ചിൽ പുനരാരംഭിച്ചതെന്നും മലേഷ്യൻ ഗതാഗത മന്ത്രി പറഞ്ഞു.
ക്വലാലംപൂരിൽ നിന്ന് പറന്നുയർന്ന് 40 മിനിറ്റിന് ശേഷം എംഎച്ച് 370മായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ ആഫ്രിക്കന്‍ തീരത്തേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലേക്കും ഒഴുകിപ്പോയിരിക്കാമെന്ന് അഭിപ്രായമുയർന്നു. 2018ലാണ് അവസാനമായി വിമാനത്തിനായി തെരച്ചില്‍ നടത്തിയത്. അന്ന് തിരച്ചില്‍ നടത്തിയ ഓഷ്യൻ ഇൻഫിനിറ്റിയുമായാണ് മലേഷ്യ, വീണ്ടും തെരച്ചിലിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വീണ്ടും തെരച്ചിൽ നടത്താനുള്ള മലേഷ്യന്‍ സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തെ കാണാതായവരുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്യുകയുണ്ടായി.
വിമാനത്തിലുണ്ടായിരുന്ന 150 ഓളം പേർ ചൈനക്കാരായിരുന്നു. ഒപ്പം 50 മലേഷ്യക്കാരും ഉണ്ടായിരുന്നു. ഫ്രാൻസ്, ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഇന്ത്യ, അമേരിക്ക, യുക്രൈൻ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ കൂട്ടത്തിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam