
വിൽമിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറി. ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അപകടത്തിൽ പരിക്കേറ്റിട്ടില്ല. പ്രചാരണ ഓഫീസിലേക്ക് ബൈഡന്‍ കയറാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈഡന്റെ എസ്യുവിയിലേക്ക് ഒരു സെഡാന്‍ കാറാണ് ഇടിച്ച് കയറിയത്. ബൈഡന്റെ വരവ് പരിഗണിച്ച് ചെറിയ ഇടറോഡുകൾ അടയ്ക്കാനായി പാർക്ക് ചെയ്ത സുരക്ഷാ വാഹനത്തിലേക്കാണ് ഡെലവർ രജിസ്ട്രേഷനുള്ള കാർ ഇടിച്ച് കയറിയത്. വാഹനം ഇടിക്കുന്നതിന്റെ ശബ്ദം കേട്ട് കെട്ടിടത്തിലേക്ക് കയറാനൊരുങ്ങിയ ബൈഡന്‍ തിരിഞ്ഞ് നോക്കുന്നതിന്റെ അടക്കമുള്ള ചിത്രങ്ങളും ബൈഡനെ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു വാഹനത്തിൽ സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നതിന്റേതുമായ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഒരു സുരക്ഷാ വാഹനത്തിലിടിച്ചതിന് പിന്നാലെ വീണ്ടും ഇരച്ചെത്തിയ കാർ ബൈഡന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈഡനേയും ഭാര്യയേയും മറ്റൊരു വാഹനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം