
മനില: ലൈംഗിക പീഡന കേസിൽ ഫിലിപ്പീൻസിലെ പ്രമുഖ പാസ്റ്റർ അറസ്റ്റിൽ. 'കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്' സ്ഥാപകനായ അപ്പോളോ ക്വിബ്ലോയി (74) ആണ് അറസ്റ്റിലായത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അപ്പോളോ ക്വിബ്ലോയി. സിനിമയെ വെല്ലുന്ന രീതിയിൽ അതിസാഹസികമായാണ് അപ്പോളോ ക്വിബ്ലോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയിലേറെ നീണ്ട പോലീസ് നീക്കത്തിനൊടുവിൽ ഞായറാഴ്ച ദാവോയിൽ നിന്ന് അപ്പോളോ പിടിയിലാകുകയായിരുന്നു.
75 ഏക്കറോളം വരുന്ന ചർച്ച് ആസ്ഥാനം പൊലീസ് വളഞ്ഞതോടെ ബങ്കറിനുള്ളിൽ ഒളിച്ചിരുന്ന ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ വൻ ജനപിന്തുണയുള്ള പാസ്റ്ററാണ് അപ്പോളോ ക്വിബ്ലോയി. ദൈവ പുത്രൻ എന്നാണ് ഇയാൾ സ്വയം അവകാശപ്പെട്ടിരുന്നത്. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട ക്രിമിനലാണ് അപ്പോളോ ക്വിബ്ലോയി. 12 മുതൽ 25 വരെ പ്രായമുള്ള പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു എന്നാണ് അപ്പോളോയ്ക്ക് എതിരെയുള്ള കേസ്.
അപ്പോളോ ക്വിബ്ലോയി പെൺകുട്ടികളെ തന്റെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുകയും പിന്നീട് ഇവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം പാകംചെയ്തു നല്‍കുക, ശരീരം തിരുമ്മുക, മറ്റുസഹായങ്ങള്‍ ചെയ്യുക എന്നിവയായിരുന്നു സേവകുടെ പ്രധാന ജോലി. ഇതിന് പുറമെ ലൈംഗിക പീഡനത്തിനും ഇരയാക്കുമെന്നാണ് റിപ്പോർട്ടുകൾ. 'നൈറ്റ് ഡ്യൂട്ടി' എന്ന പേരിലാണ് പെണ്‍കുട്ടികളെ ഇയാള്‍ രാത്രികളില്‍ ഉപദ്രവിച്ചിരുന്നത്.
ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ ഇയാൾ ചൂഷണം ചെയ്തതായാണ് കണ്ടെത്തൽ. അപ്പോളോ ക്വിബ്ലോയി സ്ഥാപിച്ച കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റിന് 6-7 ദശലക്ഷം അനുയായികളുണ്ടെന്നാണ് റിപ്പോർട്ട്. അപ്പോളോയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേയ്ക്ക് കടന്നതിന് പിന്നാലെ സഭാംഗങ്ങളും അനുയായികളുമെല്ലാം രംഗത്തിറങ്ങിയത് പൊലീസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
അറസ്റ്റ് തടയാനായി സഭാ ആസ്ഥാനത്തേയ്ക്കുള്ള വഴികളെല്ലാം അനുയായികൾ തടസപ്പെടുത്തി. തുടർന്ന് അപ്പോളോയെ കണ്ടെത്താനായി പൊലീസിന് ഹെലികോപ്റ്റർ നിരീക്ഷണം ഉൾപ്പെടെ നടത്തേണ്ടി വന്നു. 40 ഓളം കെട്ടിടങ്ങളും ഒരു സ്കൂളും കത്തീഡ്രലും ഉൾപ്പെടെയുള്ള 75 ഏക്കറോളം വരുന്ന സഭാ ആസ്ഥാനത്ത് നിന്ന് ഏറെ സാഹസികമായാണ് പൊലീസ് പാസ്റ്ററെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ അപ്പോളോ ക്വിബ്ലോയിയെ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് അറിയിച്ചു.
Read More : വീണ്ടും ന്യൂന മർദ്ദം, 4 സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്; കേരളത്തിലും മഴ, 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam