
വാഷിങ്ടൺ: തെരഞ്ഞെടുപ്പിന് മുന്‍പ് തന്ത്രപ്രധാനസ്ഥാനത്തേക്ക് തന്റെ നോമിനിയെ എത്തിച്ച് ട്രംപിന്റെ നേട്ടം. ഡെമോക്രാറ്റുകളുടെ എതിര്‍പ്പിനെ മറികടന്ന് യു.എസ് പരമോന്നത നീതിപീഠത്തിൽ ഒരാളെ കൂടി അവരോധിക്കാന്‍ സാധിച്ചതാണ് പ്രസിഡൻറ് ട്രംപിന് നേട്ടമാകുന്നത്. അതിവേഗ നിയമനത്തിനെതിരെ പ്രതിപക്ഷം നീക്കങ്ങള്‍ ശക്തമാക്കിയിട്ടും സെനറ്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് ആമി കോനി ബാരെറ്റിന്റെ നിയമനത്തിന് ട്രംപ് അംഗീകാരം നേടിയെടുത്തത്.
ജസ്റ്റീസ് ബാരെറ്റ് യു.എസ് സുപ്രീം കോടതിയിലെ 115മത്തെയും വനിതകളിൽ അഞ്ചാമത്തെയും ജഡ്ജിയായാണ് ചുമതലയേറ്റത്. വൈറ്റ്ഹൗസിൽ ട്രംപിന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ, യു.എസ് സുപ്രീം കോടതിയിൽ റിപ്പബ്ലിക്കൻ കക്ഷിക്ക് 6-3ന്റെ മേൽക്കൈ ലഭിക്കും.
ആമി ബാരെറ്റിന്റെ നിയമനം തിരക്കിട്ട നടപടിയായെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ കുറ്റപ്പെടുത്തി. രാഷ്ട്രീയസ്വഭാവമുള്ള കേസുകൾ കോടതിയിലെത്തിയാൽ പുതിയ നിയമനത്തോടെ റിപ്പബ്ലിക്കൻ കക്ഷിക്ക് മേൽക്കൈ ലഭിക്കും.2017ൽ നീൽ ഗോർസുച്ചും 2018ൽ ബ്രെറ്റ് കവാനോഗുമാണ് ട്രംപ് നാമനിർദേശം ചെയ്ത മറ്റ് ജഡ്ജിമാർ. ജസ്റ്റിസ് റൂഥ് ബേഡർ ഗിൻസ്ബർഗ് കഴിഞ്ഞ മാസം മരിച്ച ഒഴിവിലാണ് പുതിയ നിയമനം.
സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷത്തെ ഒരാളുടെ പോലും പിന്തുണയില്ലാതെ ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത്. ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കാതെയായിരുന്നു തിരക്കിട്ട നിയമനം. നിയമനം തെരഞ്ഞെടുപ്പ് കഴിഞ്ഞാവണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam