
മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനം. ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനാണ് കൊല്ലപ്പെട്ടത്. മോസ്കോയ്ക്ക് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനമാണ് റഷ്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായ കേണൽ ദമീർ ദവിദോവിന്റെ ജീവനെടുത്തത്. റഷ്യൻ തലസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 57കാരനായ ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു. റഷ്യ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ വെച്ച് യുദ്ധത്തെ അനുകൂലിക്കുന്ന പ്രമുഖരും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടക്കുന്ന തുടർച്ചയായ കൊലപാതക പരമ്പരകളിലെ ഒടുവിലത്തെ സംഭവമാണിത്.
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെ ദവിദോവ് വാഹനം ഓടിച്ചു പോകുമ്പോഴാണ് കാറിനടിയിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ വാഹനം പൂർണ്ണമായും തീപിടിക്കുകയും നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. സ്ഫോടനം നടന്നയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി കത്തുന്ന കാറിനുള്ളിൽ നിന്ന് ദവിദോവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം അധികം വൈകാതെ തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. റഷ്യൻ സായുധ സേനയിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്യുന്ന പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുന്ന തന്ത്രപ്രധാനമായ പദവിയായിരുന്നു 57 കാരനായ ദമീർ ദവിദോവ് കൈകാര്യം ചെയ്തിരുന്നത്.
വിവരം വ്ലാദിമിർ പുടിനെ അറിയിച്ചതായാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ആക്രമണത്തിന് പിന്നിൽ യുക്രൈൻ ആണെന്നാണ് ക്രെംലിൻ വക്താവ് പരോക്ഷമായി വിശദമാക്കിയത്. സംഭവത്തിൽ റഷ്യൻ ജനപ്രതിനിധികളും മുൻ സൈനിക ജനറൽമാരും കടുത്ത അമർഷം രേഖപ്പെടുത്തുകയും ഇത്തരം ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റഷ്യയിലെ മുതിർന്ന സൈനിക രാഷ്ട്രീയ ഉദ്യോഗസ്ഥർക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത് എന്നത് റഷ്യൻ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഇതിന് മുൻപ് ഇതേ പ്രദേശത്തിന് വെറും ഒരു മൈൽ മാത്രം അകലെ വെച്ചാണ് റഷ്യൻ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലിക് സമാനമായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളും എണ്ണ സംഭരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ തലസ്ഥാന നഗരത്തിന് തൊട്ടടുത്ത് വെച്ച് ഉയർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam