സെൻസറുകൾ അപായ സൂചന നൽകി പിന്നാലെയായിരുന്നു സ്ഫോടനം, 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഖനി അപകടം, 90പേർക്ക് ദാരുണാന്ത്യം

Published : May 23, 2026, 08:25 PM IST
china coal mine blast

Synopsis

ഖനിക്കുള്ളിലെ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ അളവ് കണ്ടെത്താനുള്ള സെൻസറുകൾ അപായ സൂചന നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു വൻ സ്ഫോടനം നടന്നത്.

ബീജിംഗ്:വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 തൊഴിലാളികൾ കൊല്ലപ്പെട്ടു. ചൈനയിൽ കഴിഞ്ഞ 17 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്. വെള്ളിയാഴ്ച രാത്രി 7.29ഓടെയാണ് ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലുള്ള ലിഷെൻയു കൽക്കരി ഖനിയിൽ അപകടമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഖനിക്കുള്ളിലെ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ അളവ് കണ്ടെത്താനുള്ള സെൻസറുകൾ അപായ സൂചന നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു വൻ സ്ഫോടനം നടന്നത്. വിഷവാതകവും പുകയും ഉയർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് ശ്വാസതടസ്സം നേരിടുകയും പലരും ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു.

755ഓളം പേരടങ്ങുന്ന അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയാണ് ഖനിയിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഖനിക്കുള്ളിൽ നിന്നും പുറത്തെത്തിച്ച തൊഴിലാളികളിൽ 123 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാവിലെയോടെയാണ് മരണസംഖ്യ 90 ആയി ഉയർന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചത്.

ഖനി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ മുഴുവൻ പ്രവിശ്യകളും വകുപ്പുകളും ഈ അപകടത്തിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരം ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് സമഗ്രവും കർശനവുമായ അന്വേഷണം നടത്താനും വീഴ്ച വരുത്തിയവർക്കെതിരെ നിയമപ്രകാരം കർശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. ചൈനീസ് പ്രീമിയർ ലി ചിയാംഗും കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധികാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ദുരന്തത്തിന് കാരണമായ ഖനി കമ്പനിയുടെ എക്സിക്യൂട്ടീവുകളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൈനയിലെ പ്രധാന കൽക്കരി ഉൽപ്പാദന കേന്ദ്രമായ ഷാൻസി പ്രവിശ്യയിൽ മുൻകാലങ്ങളിൽ കടുത്ത സുരക്ഷാ വീഴ്ചകളും അപകടങ്ങളും പതിവായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന കൽക്കരി ഖനികളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുകയും മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തിരുന്നെങ്കിലും, ഈ ദശകത്തിലെ ഏറ്റവും ദുരന്തമാണ് ലിഷെൻയു ഖനി സ്ഫോടനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ബലാല്‍സംഗം മുതല്‍ കൊടിയ മര്‍ദ്ദനം വരെ'; തുറന്നുപറഞ്ഞ് ഗാസയിലേക്ക് സഹായങ്ങളുമായി ചെന്ന ആക്ടിവിസ്റ്റുകള്‍
പുടിന്‍ പെട്ടാശാനേ, യുക്രൈനിനു മുന്നില്‍ കുടുങ്ങി റഷ്യ; യുദ്ധം കൈവിടുന്നതായി ഇന്റലിജന്‍സ് വിലയിരുത്തല്‍