കറാച്ചിയിൽനിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാൻ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്.
കറാച്ചി: ബസിൽ ട്രെയിനിടിച്ച് പാക്കിസ്ഥാനിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആളില്ലാ റെയിൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിൽ ട്രെയിനിടിച്ചത്. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം.
കറാച്ചിയിൽനിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാൻ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. സിന്ദ് പ്രവിശ്യയിലെ സുക്കുർ ജില്ലയിലാണ് അപകടമുണ്ടായത്. രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ 18 പേർ മരിച്ചുവെന്നും 55 പേർക്ക് പരിക്കേറ്റെന്നും സുക്കുർ ഡെപ്യുട്ടി കമ്മീഷണർ റാണ അദീൽ പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും അദീൽ കൂട്ടിച്ചേർത്തു.
ലോക്കോപൈലറ്റിനും അപകടത്തിൽ പരിക്കേറ്റതായി റെയിൽവേ അധികൃതർ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് രണ്ടായി പിളർന്നിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.