എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ കരിമേഘപടലം ഇന്ത്യയിൽ; കൊച്ചിയിലേക്കടക്കമുള്ള വിമാന സർവീസുകൾ റദ്ദാക്കി, ജാഗ്രതാ നിർദ്ദേശവുമായി ഡിജിസിഎ

Published : Nov 25, 2025, 02:37 AM IST
 Ethiopian Volcanic Ash

Synopsis

അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങുകയാണ്. വിമാന എൻജിനുകൾക്ക് അപകടസാധ്യതയുള്ളതിനാൽ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സർവീസുകൾ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.

ദില്ലി: എത്യോപ്യയിലെ അഗ്നിപർവ്വതത്തിൽ നിന്നുയർന്ന കരിമേഘ പടലം വടക്കൻ ഇന്ത്യയിലേക്ക് നീങ്ങുന്നതിനാൽ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾക്ക് തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവ്വത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. ഈ പുകപടലം അന്തരീക്ഷത്തിൻ്റെ മുകൾത്തട്ടിൽ മേഘപടലം പോലെ ആയതിനാൽ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായുവിൻ്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കുറവാണെന്നാണ് കരുതുന്നത്.

വിമാന സർവീസുകൾ റദ്ദാക്കി; ജാഗ്രതാ നിർദ്ദേശം

അഗ്നിപർവ്വത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും, ഏറ്റവും പുതിയ അഡ്വൈസറികൾ അനുസരിച്ച് ഫ്ലൈറ്റ് പ്ലാനിംഗ്, റൂട്ടിംഗ്, ഇന്ധനത്തിൻ്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദ്ദേശം നൽകി. എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ അഗ്നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്‌സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും, സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മആകാശ എയർ: നവംബർ 24, 25 തീയതികളിലെ ജിദ്ദ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകാശ എയർ വിമാനങ്ങൾ റദ്ദാക്കി. കെ.എൽ.എം.: കെ.എൽ.എം. റോയൽ ഡച്ച് എയർലൈൻസിൻ്റെ ആംസ്റ്റർഡാം-ഡൽഹി (KL 871) സർവീസും തിരിച്ചുള്ള ഡൽഹി-ആംസ്റ്റർഡാം സർവീസും റദ്ദാക്കി. എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് ചാരത്തിൻ്റെ മേഘങ്ങൾ പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട് ഉണ്ടെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും ഇൻഡിഗോ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?