ബുർഖ ധരിച്ച് പാർലമെൻ്റംഗം സഭയിലെത്തി; കോപം കൊണ്ട് പൊട്ടിത്തെറിച്ച് സഭാംഗങ്ങൾ; നാടകീയ സംഭവങ്ങൾ ഓസ്ട്രേലിയയിൽ

Published : Nov 24, 2025, 09:57 PM IST
Burqa

Synopsis

പൊതുസ്ഥലത്ത് ബുർഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് സെനറ്റർ പോളിൻ ഹാൻസൺ ബുർഖ ധരിച്ച് ഓസ്ട്രേലിയൻ പാർലമെൻ്റിലെത്തി. ഈ വിവാദ നീക്കം സഭയിൽ വലിയ പ്രതിഷേധത്തിനും ബഹളത്തിനും വഴിവെക്കുകയും സഭാ നടപടികൾ നിർത്തിവെക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

സിഡ്‌നി: പൊതുസ്ഥലത്ത് ബുർഖ പോലുള്ള വസ്ത്രം നിരോധിക്കണമെന്ന നിലപാടുയർത്തുന്ന സെനറ്റർ പോളിൻ ഹാൻസൺ ബുർഖ ധരിച്ച് ഓസ്ട്രേലിയൻ പാർലമെൻ്റിലെത്തി. ഇന്ന് സഭ സമ്മേളിച്ചപ്പോഴാണ് സെനറ്ററുടെ വിവാദ നീക്കം. ഓസ്‌ട്രേലിയയിലെ പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം മൂടുന്ന വസ്ത്രങ്ങളും നിരോധിക്കുന്ന സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു സെനറ്ററുടെ നീക്കം. ബുർഖ ധരിച്ചെത്തിയ എംപിയെ കണ്ട് പാർലമെൻ്റിലെ മറ്റംഗങ്ങൾ കുപിതരായി. ഇത് വലിയ പ്രതിഷേധത്തിന് വഴിവച്ചു.

ഇത് രണ്ടാം തവണയാണ് മുസ്ലിം സ്ത്രീകൾ ബുർഖ ധരിക്കുന്നതിനെതിരെ ഓസീസ് പാർലമെൻ്റിൽ ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറിയത്. പാർലമെൻ്റംഗങ്ങൾ എതിർത്തിട്ടും പോളിൻ ഹാൻസൺ ബുർഖ അഴിക്കാൻ തയ്യാറായില്ല. മറ്റ് അംഗങ്ങൾ ബഹളം വെച്ചതോടെ സഭ അലങ്കോലമായി. തുടർന്ന് സഭ നടപടികൾ നിർത്തിവച്ചു. പോളിൻ ഹാൻസൻ്റെ നടപടിക്കെതിരെ പാർലമെൻ്റിലെ മുസ്ലിം അംഗങ്ങളെല്ലാം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.

രാജ്യത്തെ മധ്യ-ഇടതുപക്ഷ ലേബർ ഗവൺമെന്റിന്റെ നേതാവായ പെന്നി വോങ്ങും പ്രതിപക്ഷത്തെ ഡെപ്യൂട്ടി നേതാവായ ആനി റസ്റ്റണും പോളിൻ ഹാൻസൻ്റെ നടപടിയെ വിമർശിച്ചു. സെനറ്ററായി ഇരിക്കാൻ ഹാൻസൺ യോഗ്യയല്ലെന്ന് പെന്നി വോങ് കുറ്റപ്പെടുത്തി. തുടർന്ന് ഇവരെ സഭയിൽ നിന്ന് സസ്പെൻ്റ് ചെയ്യാൻ പ്രമേയം അവതരിപ്പിച്ചു. എന്നാൽ ഹാൻസൺ പുറത്ത് പോകാൻ വിസമ്മതിച്ചതോടെ സഭ താത്കാലികമായി നിർത്തിവെക്കുകയായിരുന്നു.

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റിൽ നിന്നുള്ള സെനറ്ററാണ് പോളിൻ ഹാൻസൺ. കുടിയേറ്റ വിരുദ്ധ നിലപാടുകളിലൂടെ 1990 കളിലാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ടത്. പൊതുഇടത്തെ ഇസ്ലാമിക വസ്ത്ര ധാരണത്തെ അതിരൂക്ഷമായി വിമർശിക്കുന്ന ഇവർ 2017 ലും ബുർഖ ധരിച്ച് പാർലമെൻ്റിൽ വന്നിരുന്നു. രാജ്യത്ത് തീവ്ര വലത് കുടിയേറ്റ വിരുദ്ധ നയത്തിന് പിന്തുണ വർധിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ 2 സീറ്റായിരുന്ന പോളിൻ ഹാൻസൻ്റെ പാർട്ടിക്ക് ഇപ്പോൾ പാർലമെൻ്റിൽ നാലംഗങ്ങളുണ്ട്. ഞാൻ ബുർഖ ധരിക്കുന്നത് അവർക്ക് ഇഷ്ടമല്ലെങ്കിൽ - ബുർഖ നിരോധിക്കൂ എന്നായിരുന്നു വിമർശനങ്ങളോട് പോളിൻ ഹാൻസൻ്റെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?