മൂത്രമൊഴിക്കുമ്പോൾ അതിയായ വേദന, മൂത്രത്തിൽ രക്തം; യുവാവിനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി, ഹൃദയത്തിൽ കണ്ടെത്തിയത് തയ്യൽ സൂചി

Published : Sep 14, 2026, 04:36 PM IST
Needle Found in Heart

Synopsis

ചൈനയിൽ യുവാവിൻ്റെ ഹൃദയത്തിൽനിന്ന് സൂചി കണ്ടെത്തി. മൂത്രമൊഴിക്കുമ്പോൾ അതിയായ വേദനയുണ്ടെന്നും മൂത്രത്തിൽ രക്തം കാണുന്നുവെന്നും പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയ 35 വയസ്സുകാരൻ്റെ ഹൃദയത്തിലാണ് സൂചി കണ്ടെത്തിയത്.

ഹ്യുനാൻ: മൂത്രമൊഴിക്കുമ്പോൾ അതിയായ വേദനയുണ്ടെന്നും മൂത്രത്തിൽ രക്തം കാണുന്നുവെന്നും പറഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ പരിശോധിച്ച ഡോക്ടർമാരാകെ ഞെട്ടിയിരിക്കുകയാണ്. 35 വയസ്സുകാരനെ സിടി സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ഹൃദയത്തിൽ തയ്യൽ സൂചി കണ്ടെത്തിയതാണ് ആശുപത്രി അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്. ഹൃദയത്തിൽ സൂചി ഉണ്ടായിട്ടും യുവാവിൻ്റെ ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചതും ആരോ​ഗ്യപ്രവർത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. ചൈനയിലാണ് സംഭവം.

സയൻസ് അലർട്ടിൻ്റെ റിപ്പോർട്ട് പ്രകാരം, ഹ്യുനാൻ പ്രൊവിഷ്യൻ പീപ്പിൾസ് ഹോസ്പിറ്റലിൽ ചികിത്സ തേടിയ ബുദ്ധിവൈകല്യം നേരിടുന്ന യുവാവിൻ്റെ ഹൃദയത്തിലാണ് 36 മില്ലിമീറ്റർ നീളമുള്ള തയ്യൽ സൂചി കണ്ടെത്തിയത്. മൂത്രമൊഴിക്കുമ്പോഴുള്ള അതിയായ വേദനയും മൂത്രത്തിൽ രക്തം കണ്ടതും ചൂണ്ടിക്കാട്ടിയാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ യുവാവിൻ്റെ ഹൃദയത്തിൽ അസാധാരണമായ നിലയിൽ നിഴൽ കണ്ടെത്തി. തുടർന്ന് യുവാവിൻ്റെ നെഞ്ച്, വയർ, ഇടുപ്പ് ഭാ​ഗങ്ങൾ സിടി സ്കാനിങ്ങിന് വിധേയമാക്കി. ഇതോടെ ഒന്നിലധികം ലോഹവസ്തുക്കൾ ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി കണ്ടെത്തുകയായിരുന്നു.

ഉദരഭിത്തി, ഇടുപ്പ്, മൂത്രസഞ്ചിയുടെ ഭിത്തി, മൂത്രാശയ അറ, ഇടുപ്പെല്ല്, ഇടുപ്പിലെ പേശി, ലിം​ഗം എന്നിവിടങ്ങളിൽ നിന്നാണ് ലോഹവസ്തുക്കൾ കണ്ടെത്തിയത്. ഏറ്റവും ​ഗുരുതരം, ഹൃദയത്തിൻ്റെ പെരികാർഡിയത്തിൽ കണ്ടെത്തിയ തയ്യൽ സൂചിയായിരുന്നു. ഹൃദയത്തെ പൊതിഞ്ഞു കാണപ്പെടുന്ന ഇരട്ടപാളികളുള്ള സംരക്ഷണ സ്തരമാണ് പെരികാർഡിയം. ഇതിൽ കണ്ടെത്തിയ സൂചിയുടെ മൂർച്ചയേറിയ ഭാ​ഗം ഇടത് വെൻട്രിക്കിളിലേക്ക് നീളുന്ന നിലയിലായിരുന്നു. യുവാവിൻ്റെ ഹൃദയത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലായിരുന്നെങ്കിലും സൂചി ഹൃദയത്തിലേക്ക് തുളച്ചു കയറാനും രക്തസ്രാവം ഉണ്ടാകാനും അണുബാധയിലേക്ക് മാറാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന നി​ഗമനത്തിലേക്ക് ഡോക്ടർമാർ എത്തി. ഇതോടെ സൂചി എത്രയും വേ​ഗം നീക്കം ചെയ്യണമെന്ന തീരുമാനത്തിലേക്ക് എത്തി. ശസ്ത്രക്രിയയിൽ ഡോക്ടർമാർ മൂത്രാശയത്തിൽ നിന്നും തയ്യൽ സൂചികൾ കണ്ടെത്തി.

ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിൻ്റെ ആരോ​ഗ്യനില ഭേദമായി. എന്നാൽ ഇത്രയധികം സൂചികൾ യുവാവിൻ്റെ ശരീരത്തിനുള്ളിൽ പ്രവേശിച്ചത് എങ്ങനെയാണെന്ന് ഡോക്ടർമാർക്ക് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ യുവാവിനോ അദ്ദേഹത്തിൻ്റെ കുടുംബത്തിനോ ഒരു അറിവുമില്ല. രണ്ട് വർഷം മുമ്പും യുവാവിൻ്റെ വയറ്റിൽനിന്ന് സൂചിക്ക് സമാനമായ രണ്ട് വസ്തുക്കൾ നീക്കം ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡികെയർ ഇൻഷുറൻസ് പദ്ധതിയിലൂടെ തട്ടിയത് 800 കോടി, ഇന്ത്യൻ വംശജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അമേരിക്ക
ഇറാഖിൽ വളം നിർമ്മാണ ശാലയിൽ വൻ അമോണിയ വാതക ചോർച്ച; രണ്ട് മരണം, 50 പേർക്ക് പരിക്ക്