
ദില്ലി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്നും എങ്കിലും മടങ്ങേണ്ടതുണ്ടെന്നും ഷെയ്ഖ് ഹസീന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. മരണം സംഭവിക്കുകയാണെങ്കിൽ തൻ്റെ ജന്മനാട്ടിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഷെയ്ഖ ഹസീന പറഞ്ഞു. ബംഗ്ലാദേശിൽ തിരിച്ചെത്തിയ ശേഷം കോടതി മുമ്പാകെ കീഴടങ്ങാനുള്ള ആഗ്രഹവും ഷെയ്ഖ് ഹസീന പങ്കുവെച്ചിട്ടുണ്ട്.
"ഞാൻ തിരിച്ചെത്തുമ്പോൾ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ഒരുപക്ഷേ കൊന്നേക്കാം. എങ്കിലും, എനിക്ക് പോയേ തീരൂ. എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലുകൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മരണം വരികയാണെങ്കിൽ, എന്റെ മാതാപിതാക്കൾ അടക്കം ചെയ്യപ്പെട്ട, അവരുടെ ചോര വീണ എന്റെ സ്വന്തം മണ്ണിൽ വെച്ച് അത് വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്"- ഷെയ്ഖ് ഹസീന പറഞ്ഞു. തനിക്കൊപ്പം മറ്റ് അവാമി ലീഗ് നേതാക്കളും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. അതേസമയം ബംഗ്ലാദേശിലേക്കുള്ള മടക്കം സംബന്ധിച്ചു ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ പ്രതികരണം.
ബംഗ്ലാദേശിൽ 2024 ഓഗസ്റ്റിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ ആണ് ഷെയ്ഖ് ഹസീന നേതൃത്വം നൽകിയ അവാമി ലീഗ് ഭരണകൂടം താഴെവീണത്. ഇതിന് പിന്നാലെ 78കാരിയായ ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ ഉത്തരവിട്ടതിലോ അല്ലെങ്കിൽ സാഹചര്യം തടയുന്നതിൽ പരാജയപ്പെട്ടതിലോ ഹസീന ഉത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രൈബ്യൂണലിൻ്റെ വിധി. ഷെയ്ഖ് ഹസീനയ്ക്ക് പുറമേ, മുൻ അഭ്യന്തര മന്ത്രി അസദുസ്സാമൻ ഖാൻ കമലിനും വധശിക്ഷ വധിച്ചിരുന്നു. ഇരുവരുടെയും സ്വത്തുക്കൾ കണ്ടെത്താനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഭരണകൂടം പലതവണ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam