
സോൾ: ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ സൈന്യം വിവരിച്ചു. പ്യോങ്യാങിന് തെക്കുള്ള പ്രദേശത്ത് നിന്ന് ഒന്നിലധികം ഹ്രസ്വദൂര മിസൈലുകൾ വിക്ഷേപിച്ചതായും, ഇവ വടക്കുകിഴക്കൻ മേഖലയിലേക്ക് ഏകദേശം 350 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായും സൈന്യം വ്യക്തമാക്കി. മിസൈലുകൾ കടലിൽ പതിച്ചിട്ടില്ലെന്നും, എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് തയ്യാറായിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നടക്കാനിരിക്കെയുള്ള മിസൈൽ പരീക്ഷണം ആഗോള തലത്തിൽ ചർച്ചയായിട്ടുണ്ട്. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഉൾപ്പെടെയുള്ള ലോകനേതാക്കൾ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ നടക്കുന്ന ഏഷ്യ - പസഫിക് ഇക്കണോമിക് കോ - ഓപ്പറേഷൻ (എപെക്) ഉച്ചകോടിക്കായി എത്താനിരിക്കെ നടന്ന ഈ പരീക്ഷണത്തെ ഉത്തര കൊറിയയുടെ പ്രകോപനമെന്നാണ് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചത്.
ഉത്തര കൊറിയൻ ഭരണാധികാരിയുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന മിസൈൽ പരീക്ഷണം മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. ഉത്തര കൊറിയയുടെ ഏത് പ്രകോപനത്തെയും പ്രതിരോധിക്കാൻ സജ്ജമാണെന്നും ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. യു എസുമായുള്ള സൈനിക സഖ്യം തങ്ങൾക്കുണ്ടെന്ന കാര്യം കിം ജോംഗ് ഉൻ മറക്കരുതെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ മിസൈൽ പരീക്ഷണത്തെക്കുറിച്ച് ഉത്തര കൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൻ ജപ്പാന്‍റെ പുതിയ പ്രധാനമന്ത്രി സനെ തകൈച്ചി, മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് യു എസുമായും ദക്ഷിണ കൊറിയയുമായും സജീവമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അറിയിച്ചു. ഇതിന് മുമ്പ് മെയ് എട്ടിനാണ് ഉത്തര കൊറിയ ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചത്. അന്ന് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ തോതിൽ വിമർശനം ഉയർന്നിരുന്നു.
അടുത്തിടെ നടന്ന ഒരു സൈനിക പരേഡിൽ, ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അവതരിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഏറ്റവും ശക്തമായ ആണവായുധ സംവിധാനമെന്നാണ് ഉത്തര കൊറിയയുടെ പക്ഷം. പുതിയ മിസൈൽ പരീക്ഷണത്തിന്‍റെ പശ്ചാത്തലം ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന എപെക് ഉച്ചകോടിയിൽ ചർച്ചയായേക്കും. കിം ജോങ് ഉന്നുമായി പ്രശ്നങ്ങളില്ലാത്ത ട്രംപ് ദക്ഷിണ കൊറിയയിൽ എത്തുന്നത് മേഖലയിലെ രാഷ്ട്രീയ സന്തുലനത്തിന് നിർണായകമായേക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം തവണ യു എസ് പ്രസിഡന്റായ ശേഷം ട്രംപിന്റെ ആദ്യ ഏഷ്യൻ സന്ദർശനമാണിത്.
എപെക് ഉച്ചകോടിയുടെ ഭാഗമായുള്ള ഏഷ്യാ സന്ദർശനത്തിൽ ദക്ഷിണ കൊറിയയിലെത്തും മുന്നേ മലേഷ്യയിലും ജപ്പാനിലും ട്രംപ് എത്തും. ഈ രാജ്യങ്ങളുമായി വിശദമായ ചർച്ചകൾക്ക് ശേഷമാകും എപെക് ഉച്ചകോടിക്കായി ട്രംപ് എത്തുക. ഇവിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങുമായി ട്രംപ് നിർണായക കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരിഫ് വർധനവിന്‍റെ പശ്ചാത്തലത്തിൽ അമേരിക്ക - ചൈന ചർച്ച ഇരു രാജ്യങ്ങൾക്കും അതീവ നിർണായകമാകും. ദക്ഷിണ കൊറിയൻ പ്രസിഡന്റുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയേക്കും. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണവും മേഖലയിലെ സൈനിക - രാഷ്ട്രീയ സംഘർഷങ്ങളും ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകാനിടയുണ്ട്. ഏഷ്യാ മേഖലയിലെ സ്വാധീനം നിലനിർത്താൻ ദക്ഷിണ കൊറിയയും ജപ്പാനുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള ഇടപെടലുകൾ ട്രംപിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. ഒപ്പം കിം ജോങ് ഉന്നിനെയും ഷി ജിൻ പിങിനെയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കണ്ടറിയണം.