മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരൻ റയാൻ അൽ അഹമ്മദ്
റിയാദ്: മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ കാണിച്ച ധീരതയിലൂടെ സൗദിയുടെ ഹീറോയായി സുരക്ഷാ ജീവനക്കാരൻ റയാൻ അൽ അഹമ്മദ്. താഴേക്ക് വീണയാളെ ഓടിയെത്തി പിടിച്ച ഇദ്ദേഹത്തിനും പരിക്കേറ്റു. സൗദി ആഭ്യന്തര മന്ത്രിയുൾപ്പടെ റയാൻ അൽ അഹ്മദിന്‍റെ ധീരതയെ അഭിനന്ദിച്ചു. സൗദി മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നത്.
മുകളിൽ നിന്ന് ചാടിയ ആൾ താഴെ പതിക്കും മുൻപ് ഓടിയെത്തി പിടിക്കാൻ ശ്രമിക്കുകയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന റയാൻ അൽ അഹ്മദ്. ഉയരത്തിൽ നിന്നു വീണയാൾ ദേഹത്ത് പതിച്ച് റയാൻ അൽ അഹമദിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. ചികിത്സയിലുള്ള ഇദ്ദേഹത്തെ സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ഫോണിൽ വിളിച്ചു. കേവല ഡ്യൂട്ടിക്കപ്പുറം ജീവൻ തന്നെ നൽകാൻ തയാറായ ത്യാഗ സന്നദ്ധതയെയും ധീരതയെയും വാഴ്ത്തി. ലോകത്താകെയുള്ള സുരക്ഷാ ജീവനക്കാരുടെ അഭിമാനമുയർത്തുന്നതാണ് മക്ക ഗ്രാൻഡ് മോസ്ക്കിൽ റയാൻ അൽ അഹ്മദ് കാഴ്ച്ച വെച്ച ധീരത.



