ആക്സിയം 4 ദൗത്യം; വിക്ഷേപണം ജൂണ്‍ 8 ന് തന്നെ, ഇന്ത്യന്‍ സമയം വൈകീട്ട് 6.41 ന്

Published : May 22, 2025, 06:47 PM IST
ആക്സിയം 4 ദൗത്യം; വിക്ഷേപണം ജൂണ്‍ 8 ന് തന്നെ, ഇന്ത്യന്‍ സമയം വൈകീട്ട് 6.41 ന്

Synopsis

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യക്കാരനായ  ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാവുന്ന യാത്രയുടെ തീയതിയില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.

ഫ്ലോറിഡ: ആക്സിയം 4 ദൗത്യം ജൂൺ 8 ന് തന്നെ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 നാണ് വിക്ഷേപണം നടക്കുക. ആക്സിയം സ്പേസിന്‍റെ ആഭ്യന്തര ഫ്ലൈറ്റ് റെഡിനസ് റിവ്യൂ പൂർത്തിയായിട്ടുണ്ട്. ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളെല്ലാം വളരെ കൃത്യമായാണ് പുരോഗമിക്കുന്നത്.
വിക്ഷേപണത്തിനുള്ള അനുമതി സ്പേസ് എക്സിനും ആക്സിയത്തിനും ലഭിച്ചിട്ടുണ്ട്. ആക്ലിയം 4 ലെ യാത്രികര്‍ 14 ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും.

രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാവാന്‍ തയ്യാറെടുക്കുന്ന ശുഭാംശു ശുക്ല ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളാവുന്ന യാത്ര തീയതിയില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു. മെയ് 29ന് വിക്ഷേപിക്കുമെന്ന് മുമ്പ് തീരുമാനിച്ചിരുന്ന ആക്‌സിയം 4 ദൗത്യം ജൂണ്‍ എട്ടിലേക്ക് മാറ്റുകയായിരുന്നു. ഫ്ലോറിഡയിലെ കേപ്പ് കനാവറലിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാവും ആക്സിയം 4 വിക്ഷേപണം നടത്തുക. സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാകും ആക്സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക.

ശുഭാംശു ശുക്ലയ്ക്ക് പുറമെ നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. 14 ദിവസം ഇവർ ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങള്‍ നടത്തും. രാകേഷ് ശ‌ർമ്മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്.

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. നാസയും, അമേരിക്കൻ സ്വകാര്യ കമ്പനികളായ ആക്സിയം സ്പേസും സ്പേസ് എക്സും ആയി സഹകരിച്ചാണ് ഇസ്രൊ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 

ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം 4ല്‍ ശുഭാംശു ശുക്ലയ്‌ക്ക് അവസരം ലഭിക്കുന്നത്. 1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. രണ്ടാഴ്ച നീളുന്ന സ്പേസ് സ്റ്റേഷൻ വാസത്തിനിടയിൽ നിരവധി പരീക്ഷണങ്ങൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും, ഇന്ത്യയിലെ പുതിയ തലമുറയ്ക്ക് ദൗത്യം പ്രചോദനമാകുമെന്നും ശുഭാംശു ശുക്ല മുമ്പ് വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്', ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് എന്ന പേരിൽ സിറിയയിൽ യുഎസ് സൈനിക നീക്കം; ലക്ഷ്യം ഐസിസിനെ തുടച്ചുനീക്കൽ
അതിർത്തികളിൽ ജാഗ്രത; ബംഗ്ലാദേശിലെ സംഘർഷത്തിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ, ഹാദിയുടെ സംസ്കാരം ഇന്ന്