അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്, വിവാഹ നിശ്ചയം കഴിഞ്ഞ ഇസ്രയേലി എംബസിയിലെ സഹപ്രവർത്തകർ കൊല്ലപ്പെട്ടു

Published : May 22, 2025, 04:47 PM ISTUpdated : May 25, 2025, 03:15 PM IST
അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്, വിവാഹ നിശ്ചയം കഴിഞ്ഞ ഇസ്രയേലി എംബസിയിലെ സഹപ്രവർത്തകർ കൊല്ലപ്പെട്ടു

Synopsis

വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സഹപ്രവർത്തകരായ യാരോൺ ലിഷിൻസ്‌കി, സാറാ ലിൻ മിൽഗ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. ചിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് ആണ് കൊലയാളി എന്ന് പോലീസ് സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: യു എസിലെ വാഷിംഗ്ടൺ ഡി സിയിൽ അക്രമി രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവെച്ചുകൊന്നു. നഗരത്തിലെ ജൂത മ്യൂസിയത്തിനു സമീപത്തായിരുന്നു ആക്രമണം. മ്യൂസിയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയ്ക്കായി എത്തിയ യാരോൺ ലിഷിൻസ്‌കി, സാറാ ലിൻ മിൽഗ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന എംബസിയിൽ സഹപ്രവർത്തകരായിരുന്നു ഇവ‍ർ. ചിക്കാഗോ സ്വദേശി ആയ 30 വയസുകാരൻ ഏലിയാസ് റോഡ്രിഗസ് ആണ് കൊലയാളി എന്ന് പൊലീസ് സ്ഥിരീകരിച്ചു.

നാല് പേരടങ്ങുന്ന സംഘത്തിന് നേരെ ഒരു മനുഷ്യൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും രണ്ട് പേരെയും കൊല്ലുകയും ചെയ്തുവെന്ന് വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് മേധാവി പമേല സ്മിത്ത് പറഞ്ഞു. വെടിവയ്പ്പിന് മുമ്പ് അയാൾ മ്യൂസിയത്തിന് പുറത്ത് നടക്കുന്നത് കണ്ടിരുന്നു. ഇയാൾ വെടി ഉതിർത്ത ശേഷം പൊലീസിന് കീഴടങ്ങി. പൊലീസ് എത്തിയപ്പോൾ ഇയാൾ ഫ്രീ പലസ്തീൻ എന്ന് മുദ്രാവാക്യം മുഴക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി യു എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് ഇസ്രായേൽ പ്രതികരിച്ചു.

വെടിവയ്പ്പിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു. ജൂതവിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ള ഈ ഭയാനക കൊലപാതകങ്ങൾ ഇപ്പോൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ആവശ്യപ്പെട്ടു. വെറുപ്പിനും തീവ്രവാദത്തിനും യു എസ് എയിൽ സ്ഥാനമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞിരിക്കുകയാണ് ഇസ്രായേൽ. ലോകത്തെ ഏറ്റവും വലിയ ദുരന്ത ഭൂമി ആയി ഗാസ മാറുമ്പോഴും അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാർ മാത്രമാവുകയാണ്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. പക്ഷെ ആ വിജയത്തിലേക്കുള്ള വഴികൾ ഓരോ ദിവസവും അതിക്രൂരം ആകുകയാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം വിമർശിച്ചിട്ടും ഇസ്രയേലിന് കുലുക്കമില്ല. കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അതിരൂക്ഷമായി വിമർശിച്ചിട്ടും ഇസ്രായേൽ ആക്രമണങ്ങൾ തുടരുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുടെ സംയുക്ത പ്രസ്താവനയെ ഇസ്രായേൽ പരിഹസിച്ചു തള്ളി. പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അനുവദിക്കുമെന്ന് ഇന്നലെ ഇസ്രായേൽ പറഞ്ഞെങ്കിലും അതും നടപ്പായില്ല. ഇസ്രയേൽ ആക്രമണം കാരണം വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്