
കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിൽ മൂന്ന് പേരുടെ മരണത്തിനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ കുറ്റാരോപിതനായ ഇന്ത്യൻ ട്രക്ക് ഡ്രൈവർ ജഷൻപ്രീത് സിംഗിനെ തലപ്പാവില്ലാതെ യുഎസ് കോടതിയിൽ ഹാജരാക്കി. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിൽ സിഖ് സമൂഹം കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലായാണ് പ്രതിഷേധം ശക്തമാകുന്നത്. ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ ഉൾപ്പെടെ പലരും 21കാരനായ ജഷൻപ്രീത് സിംഗിന് തലപ്പാവ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. തലപ്പാവില്ലാതെ ഹാജരാക്കിയ നടപടി സിഖ് വിശ്വാസത്തിൻ്റെ ലംഘനമാണെന്നും അദ്ദേഹത്തിന്റെ മതപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും ന്യായമായ വിചാരണ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിഖ് വിശ്വാസികൾ change.org വഴി അഭിപ്രായ രൂപീകരണത്തിന് ശ്രമം തുടങ്ങി.
ഇന്ത്യയിൽ നിന്ന് 2022 ൽ യുഎസിലേക്ക് നിയമവിരുദ്ധമായി കുടിയേറിയ ജഷൻപ്രീത് സിംഗ്, യൂബ സിറ്റിയിലായിരുന്നു താമസം. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് മൂന്ന് പേരുടെ നരഹത്യക്ക് കാരണമായ സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 21 ന് കാലിഫോർണിയയിലെ ഒന്റാറിയോയ്ക്ക് സമീപം ഇയാൾ ഓടിച്ച ട്രക് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ എട്ട് വാഹനങ്ങൾക്ക് കേടുപാടുണ്ടായി.
എന്നാൽ ജഷൻപ്രീത് സിംഗ് മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നാണ് കുടുംബത്തിൻ്റെ വാദം. നവംബർ നാലിനാണ് കേസിൽ പ്രാഥമിക വാദം നടക്കുക. താൻ കുറ്റക്കരനല്ലെന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ജഷൻപ്രീത് സിങ് പറഞ്ഞത്. ജാമ്യം ലഭിക്കാത്തതിനാൽ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ് പ്രതി. സാൻ ബെർണാർഡിനോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam