
ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ യുവതിക്ക് നേരെ വംശീയ ആക്രമണവും ലൈംഗിക പീഡനവും. ബെർമിങ്ഹാമിന് സമീപമുള്ള ഓൾഡ്ബറിയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ഇരുപതുകാരിയായ സിഖ് യുവതി രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്. സംഭവം വംശീയ കുറ്റമായി പരിഗണിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് തദ്ദേശീയർക്കായി വെസ്റ്റ് മിഡ്‌ലാൻഡ്സ് പൊലീസ് അന്വേഷണം തുടങ്ങി. നിങ്ങൾക്ക് ഈ രാജ്യത്ത് താമസിക്കാൻ അവകാശമില്ലെന്നും രാജ്യം വിടണമെന്നും അക്രമികൾ പറഞ്ഞതായി യുവതി പൊലീസിനോട് പറഞ്ഞു. സിഖ് ഫെഡറേഷൻ യുകെ നേതാവ് ദബിന്ദർജിത് സിങ്ങ് ഉൾപ്പടെയുള്ളവർ സംഭവത്തെ അപലപിച്ചു.
യുകെയിലെ സിഖ് സമൂഹം ജാഗ്രത പുലർത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നൽകി. സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങളുടേയും ഫൊറൻസിക്കിന്റെയും പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികൾ വെളുത്തവരും ഒരാൾ തല മൊട്ടയടിച്ച് കറുത്ത സ്വെറ്ററും ഗ്ലൗസും ധരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. രണ്ടാമൻ വെള്ളി സിപ്പ് ഉള്ള ചാരനിറത്തിലുള്ള ടോപ്പ് ആണ് വേഷം. ഒരു മാസം മുമ്പ് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരായ തദ്ദേശീയർ രണ്ട് വൃദ്ധരായ സിഖുകാരെ ആക്രമിച്ചിരുന്നു. അക്രമികളിൽ ഒരാൾ അവരെ ആവർത്തിച്ച് ചവിട്ടുകയും മറ്റൊരാൾ വലിച്ചിഴയ്ക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam