
വാഴ്‌സ: പോളണ്ടിൽ താമസിക്കുന്ന ഒരു മലയാളി യുവതി ഒരു ചെറിയ കുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വീഡിയോ എക്സിൽ വൈറലായതിനെത്തുടർന്ന് വ്യാപകമായ വിമർശനം ഉയരുന്നു. അതിർത്തികളും സമ്മതവും സംബന്ധിച്ച ചർച്ചകൾക്ക് ഇത് വഴിയൊരുക്കി. @poland_mallu_girl എന്ന ഓൺലൈൻ പേരിൽ അറിയപ്പെടുന്ന വിജയ നായർ ആണ് ഈ വീഡിയോ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തത്. വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ഇവർ ഈ വീഡിയോ ഡിലീറ്റ് ചെയ്തു. 'ഇത് ശല്യപ്പെടുത്തൽ അല്ലേ?" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഒരു പോസ്റ്റിൽ, അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയെ ചുംബിക്കാൻ യുവതി അടുക്കുന്നതാണ് കാണിച്ചിരുന്നത്.
വിവാദത്തോട് പ്രതികരിച്ച് വിജയ നായർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ മലയാളത്തിൽ വിശദീകരണം നൽകുകയും തനിക്ക് തെറ്റ് പറ്റിയെന്നും യൂറോപ്പിലെ ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് താൻ അജ്ഞയായിരുന്നുവെന്നും പറയുകയും ചെയ്തു. കുട്ടിയുടെ അമ്മയുടെ അടുത്തുള്ളപ്പോഴാണ് ഖേദം പ്രടിപ്പിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തതെന്ന് വിജയ നായർ പറഞ്ഞു. 'അവർക്ക് വീഡിയോയിൽ വരാൻ താൽപര്യമില്ല... വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയത്ത് അവർ മകനോടൊപ്പം ഉണ്ടായിരുന്നില്ല' യുവതി പറഞ്ഞു. കുട്ടിയുടെ അമ്മ അനുവാദം നൽകിയ ശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും വിജയ നായർ വ്യക്തമാക്കി.
ഈ ക്ലിപ്പ് ഓൺലൈനിൽ രൂക്ഷമായ വിമർശനത്തിന് കാരണമായിരുന്നു. പല ഉപയോക്താക്കളും യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെട്ടു. "എന്തൊരു ആളാണ്, ഇത് അഭിമാനത്തോടെ ഇൻസ്റ്റായിൽ പോസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള ധാർമ്മികതയില്ലാത്ത ചില ആളുകൾ കാരണം വിദേശത്ത് എല്ലാ ഇന്ത്യക്കാരുടെയും പേര് മോശമാകുന്നു" എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. ചിലർ യുവതിക്കെതിരെ നടപടിയും ആവശ്യപ്പെട്ടു. ഉടൻ പോളണ്ടിൽ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെട്ടവരുമുണ്ട്.