
സിങ്കപ്പൂർ: പൊതുജനങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവൃത്തി ചെയ്ത ഫ്രഞ്ച് വിദ്യാർത്ഥിക്ക് 600 സിങ്കപ്പൂർ ഡോളർ (44,487 രൂപ) പിഴ ചുമത്തി സിങ്കപ്പൂർ കോടതി. ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിലേക്ക് നക്കിയ സ്ട്രോ നിക്ഷേപിച്ച സംഭവത്തിലാണ് വിദ്യാർത്ഥിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഫ്രഞ്ച് പൗരനായ ദിദിയർ ഗാസ്പാർഡ് ഓവൻ മാക്സിമിലിയനാണ് പിഴ ചുമത്തിയത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് 19കാരനായ വിദ്യാർത്ഥിക്ക് വിനയായത്.
ഇക്കഴിഞ്ഞ മാർച്ച് മാസം 12-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഗോൾഡ്ഹിൽ സെൻ്ററിലെ ഐജ്യൂസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഓറഞ്ച് ജ്യൂസ് വെൻഡിങ് മെഷീനിലാണ് യുവാവ് നക്കിയ സ്ട്രോ നിക്ഷേപിച്ചത്. മെഷീനിൽനിന്ന് സ്ട്രോ എടുത്ത് വായിലിട്ട് നക്കിയ ശേഷം തിരികെ മെഷീനിലേക്ക് തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വിദ്യാർത്ഥി സ്വയം കുഴിതോണ്ടി.
നഗരം സുരക്ഷിതമല്ലെന്ന ക്യാപ്ഷനോടെ ആയിരുന്നു വിദ്യാർത്ഥി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക മാധ്യമങ്ങളടക്കം സംഭവം വാർത്തയാക്കുകയും സംഭവം വലിയ ചർച്ചയാകുകയും ചെയ്തു. യുവാവിൻ്റെ പ്രവൃത്തിക്ക് പിന്നാലെ മെഷീനിൽ ഉണ്ടായിരുന്ന 500 സ്ട്രോയും മാറ്റി പുതിയത് വെച്ചതായി ഐജ്യൂസ് അറിയിച്ചു.
സിങ്കപ്പൂരിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തി ചെയ്യുന്നവർക്ക് 2000 സിങ്കപ്പൂർ ഡോളർ പിഴയോ മൂന്നു മാസം ജയിൽവാസമോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നേരിടേണ്ടിവരും. എന്നാൽ 19കാരൻ്റെ പ്രവൃത്തിക്കെതിരെ പിഴ മാത്രം ചുമത്തിയാൽ മതിയെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു. എല്ലാ പ്രശ്നങ്ങൾക്കും മാക്സിമിലിയൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും തമാശയായി തോന്നിയ ഒരു കാര്യം ഇപ്പോൾ വളരെ ഗൗരവമേറിയ ഒന്നായി മാറിയെന്നും പ്രതിഭാഗം അഭിഭാഷകനെ ഉദ്ധരിച്ച് ദ സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam