നിസാരം എന്നു കരുതി തുടങ്ങിയ റഷ്യ, ആറ് മാസം പിന്നിടുമ്പോൾ ചാമ്പലാക്കിയ റഷ്യൻ ടാങ്കറുകൾ നിരത്തി യുക്രൈൻ

By Web TeamFirst Published Aug 23, 2022, 8:21 AM IST
Highlights

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകൾ ചികഞ്ഞുപോയാൽ അതേറെയാണ്


കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകൾ ചികഞ്ഞുപോയാൽ അതേറെയാണ്. പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ൻ റഷ്യക്ക് മുന്നിൽ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വലുതാണ്.  ഇന്നലെ തലസ്ഥാനമായ കീവിൽ ഒരു പ്രദർശനം നടത്തി യുക്രൈൻ. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദർശനം. മൂന്ന് ദിവസം കൊണ്ട് കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ൻ തലസ്ഥാനത്തിന്‍റെ പ്രധാന തെരുവിലിന്നിൽ തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം യുക്രൈൻ നടത്തിയത്.

റഷ്യൻ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയിൽ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യൻ വീമ്പിന് നേരെ , ഈ ടാങ്കറുകൾ നിരത്തി യുക്രെയ്ൻ കളിയാക്കി ചിരിക്കുന്നത്. ചെറുത്തുനിൽപ്പിന്‍റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അവരത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ്.

നാളെയാണ് യുക്രെയ്ന്‍റെ മുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനം. ആഘോഷങ്ങളില്ല. കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. അപ്പോഴാണ്, യുക്രെയ്ൻ പിടിച്ചെടുത്ത റഷ്യൻ ടാങ്കറുകൾ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാൻ ശ്രമിച്ച ഏകാധിപതികൾക്ക് ചങ്കുറപ്പുള്ളൊരു രാജ്യത്തിന്‍റെ മറുപടിയെന്ന് പേരിട്ടായിരുന്നു യുക്രൈൻ റഷ്യക്ക് മുമ്പിൽ ടാങ്കർ ചീന്തുകൾ അവതരിപ്പിച്ചത്.

അതേസമയം തന്നെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തൻ അലക്‌സാണ്ടർ ദൂഗിനെ കൊല്ലാൻ ലക്ഷ്യമിട്ട് കാർ ബോംബ് സ്ഫോടനം നടന്നത് റഷ്യയെ ഞെട്ടിച്ചിരുന്നു. മോസ്‌കോയിൽ നടന്ന സ്‌ഫോടനത്തിൽ അലക്‌സാണ്ടർ ദൂഗിന്റെ മകൾ  ദാരിയ ദൂഗിൻ കൊല്ലപ്പെടുകയും ചെയ്തു. യുക്രൈൻ തീവ്രവാദികൾ ആണ് ആക്രമണത്തിന്  പിന്നിലെന്ന് റഷ്യൻ മാധ്യമങ്ങൾ ആരോപിച്ചിരുന്നു. തലസ്ഥാന നഗരിയിലെ ഉഗ്രസ്ഫോടനം റഷ്യയെ വിറപ്പിച്ചു.

അതിലുപരിയായി പുടിന്റെ 'ബുദ്ധി'യെന്ന് വിശേഷിപ്പിക്കുന്ന അലക്‌സാണ്ടർ ദുഗിനെ വധിക്കാനുള്ള ശ്രമം ആരു നടത്തിയാലും റഷ്യയെ സംബന്ധിച്ച് ഞട്ടൽ മാറാൻ സമയമെടുക്കും. അമേരിക്കയ്ക്കും  അവർ നയിക്കുന്ന ഉദാരവത്കരണത്തിനും ബദലായി റഷ്യൻ ദേശീയതയെ മുന്നോട്ടുവെക്കുന്നയാളാണ് അലക്‌സാണ്ടർ  ദുഗിൻ. റഷ്യൻ സംസ്കാരമുള്ള നാടുകളെ മുഴുവൻ കൂട്ടിച്ചേർത്ത് വിശാല റഷ്യ ഉണ്ടാക്കാൻ പുടിൻ ഇറങ്ങിതിരിച്ചതും യുക്രൈനെ ആക്രമിച്ചതും എല്ലാം അലക്‌സാണ്ടർ ദൂഗിൻ പറഞ്ഞതു കെട്ടാണെന്ന് പലരും കരുതുന്നത്.

Read more: 'ജനസംഖ്യ കുറവ്, ‌യുദ്ധം ചെയ്യാനാളില്ല'; 10 മക്കളെ പ്രസവിക്കുന്നവർക്ക് പുരസ്കാരം പ്രഖ്യാപിച്ച് പുട്ടിൻ

അത്ര കരുത്തനായ അലക്‌സാണ്ടർ ദുഗിനെ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ കാറിൽ ബോംബുവെച്ചു കൊല്ലനാണ് ശ്രമം നടന്നത്. ഭാഗ്യംകൊണ്ടു മാത്രം അലക്‌സാണ്ടർ ദുഗിൻ രക്ഷപ്പെട്ടു. പക്ഷെ അദ്ദേഹത്തിന്റെ മകൾ 29 കാരി ദാരിയ ദൂഗിൻ ലാൻഡ് ക്രൂയിസർ കാറിനൊപ്പം ചാരമായി. മകൾക്കൊപ്പം ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന അലക്‌സാണ്ടർ ഡ്യൂഗിൻ അവസാന നിമിഷം മറ്റൊരു കാറിൽ സഞ്ചരിക്കാൻ തീരുമാനിച്ചതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ഇതോടെ പുതിയ സാഹചര്യമാണ് യുക്രൈൻ- റഷ്യ യുദ്ധത്തിൽ ഉരുത്തിരിയുന്നത്. ഈ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സാന്നിധ്യം സംശയിക്കുമ്പോഴും റഷ്യ കാര്യമായൊന്നും പ്രതികരിച്ചിട്ടില്ല. നാളെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുക്രൈൻ പരസ്യ ആഘോഷങ്ങൾ ഒഴിവാക്കിയതിനും മുന്നറിയിപ്പുകൾ നൽകിയതിനും പിന്നിൽ, റഷ്യയിൽ നിന്ന് എന്തും പ്രതീക്ഷിക്കാമെന്നതു തന്നെയാണ് കാരണം.

Read more:ഒടിടി വാഴുന്ന കാലം, കേബിൾ ടിവിക്കും തിരിച്ചടി, വരാനിരിക്കുന്ന വൻ റീലിസുകൾക്ക് കാഴ്ചക്കാരേറുമെന്ന് സൂചന

click me!