സ്വവർഗ്ഗരതി നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് സിം​ഗപ്പൂർ, സ്വാ​ഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ

Published : Aug 22, 2022, 07:44 AM ISTUpdated : Aug 22, 2022, 08:03 AM IST
സ്വവർഗ്ഗരതി നിരോധനം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് സിം​ഗപ്പൂർ, സ്വാ​ഗതം ചെയ്ത് എൽജിബിടി പ്രവർത്തകർ

Synopsis

യാഥാസ്ഥിതിക മൂല്യങ്ങൾക്ക് പേരുകേട്ടതാണ് സിങ്കപ്പൂർ. എന്നാൽ സമീപ വർഷങ്ങളിൽ കൊളോണിയൽ കാലഘട്ടത്തിലെ 377A നിയമം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

സിംഗപ്പൂർ : പുരുഷന്മാർക്കിടയിലെ സ്വവർഗ്ഗരതി നിരോധിക്കുന്ന നിയമം പിൻവലിക്കുകയും സ്വവർഗാനുരാഗം നിയമവിധേയമാക്കുകയും ചെയ്യുമെന്ന് സിംഗപ്പൂർ. വർഷങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി ലീ സിയാൻ ലൂംഗിന്റെ ഈ ചരിത്ര പ്രഖ്യാപനം. "മനുഷ്യരാശിയുടെ വിജയം" എന്നാണ് സിംഗപ്പൂരിലെ എൽജിബിടി പ്രവർത്തകർ ഈ പ്രഖ്യാപനത്തെ വാഴ്ത്തിയത്. 

യാഥാസ്ഥിതിക മൂല്യങ്ങൾക്ക് പേരുകേട്ടതാണ് സിങ്കപ്പൂർ. എന്നാൽ സമീപ വർഷങ്ങളിൽ കൊളോണിയൽ കാലഘട്ടത്തിലെ 377A നിയമം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇന്ത്യ, തായ്‌വാൻ, തായ്‌ലൻഡ് എന്നിവയ്ക്ക് ശേഷം എൽജിബിടി അവകാശങ്ങൾക്കായി നീങ്ങുന്ന ഏഷ്യയിലെ അടുത്ത രാജ്യമായി സിംഗപ്പൂർ.

പുരുഷന്മാർ തമ്മിലുള്ള ലൈംഗികബന്ധം നിരോധിക്കുന്ന 377എ നിലനിർത്തുക എന്നതായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഞായറാഴ്ച രാത്രി പ്രധാനമന്ത്രി 377 എ നിയമം നിർത്തലാക്കിയതായി അറിയിച്ചു. ഇതാണ് ശരിയായ കാര്യം, മിക്ക സിംഗപ്പൂർകാരും 
ഇത് അംഗീകരിക്കും എന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വവർഗ്ഗാനുരാഗികളായ സിംഗപ്പൂർക്കാർക്ക് ഈ തീരുമാനം ആശ്വാസമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവസാനം ഞങ്ങൾ അത് ചെയ്തു, വിവേചനപരവും പഴക്കമുള്ളതുമായ ഈ നിയമം ഒടുവിൽ പുസ്തകങ്ങളിൽ നിന്ന് പുറത്ത് പോകുന്നതിൽ ഞങ്ങൾ ആഹ്ളാദിക്കുന്നു. കുറച്ച് സമയമെടുത്തേക്കാം, പക്ഷേ അത് സംഭവിക്കേണ്ടത് തന്നെയായിരുന്നു," സ്വവർഗ്ഗാനുരാഗ പ്രവർത്തകൻ ജോൺസൺ ഓങ് ബിബിസിയോട് പറഞ്ഞു.

എൽജിബിടി അവകാശ ഗ്രൂപ്പുകളുടെ ഒരു ടീം കഠിന പ്രയത്നത്തിലൂടെ നേടിയ വിജയമെന്നും ഭയത്തിന് മേലുള്ള സ്നേഹത്തിന്റെ വിജയമെന്നുമാണ് ഇതിനെ വിശേഷിപ്പിച്ചത്.  ഇത് സമ്പൂർണ്ണ സമത്വത്തിലേക്കുള്ള ആദ്യപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ അതേ പ്രസംഗത്തിൽ ലീ നടത്തിയ മറ്റൊരു പ്രഖ്യാപനത്തിലും അവർ ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമെന്ന നിർവചനത്തിന് സർക്കാർ മികച്ച നിയമപരിരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കും എന്നാണ് ഇവരുടെ ആശങ്ക.

PREV
Read more Articles on
click me!

Recommended Stories

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി