
ലണ്ടൻ: 'സ്കിബിഡി', 'ട്രെഡ്‌വൈഫ്', 'ഡെലൂലു' എന്നിവയുൾപ്പെടെ ജെൻ സിയും ജെൻ ആല്‍ഫയും ഉപയോഗിക്കുന്ന വാക്കുകൾ ഈ വർഷം കേംബ്രിഡ്ജ് നിഘണ്ടുവിൽ ഉൾപ്പെടുത്തും. ഈ വാക്കുകൾ നിഘണ്ടുവിന്‍റെ ഓൺലൈൻ പതിപ്പിലും ലഭ്യമാകും.
സ്കിബിഡി: 'സ്കിബിഡി' എന്ന വാക്ക് 'സ്‌കിബിഡി ടോയ്‌ലറ്റ്' എന്ന യൂട്യൂബ് ചാനലിൽ നിന്നാണ് വന്നത്. ഏകദേശം 26 സീസണുകളിലായി ഓടിയ ഈ വെബ് സീരീസിൽ, സംസാരിക്കുന്ന തലകളുള്ള ടോയ്‌ലെറ്റുകൾ ലോകം പിടിച്ചടക്കാൻ ശ്രമിക്കുന്നതാണ് കഥ. ഈ വാക്ക് പിന്നീട് സമൂഹമാധ്യമങ്ങളിൽ വളരെ പ്രചാരത്തിലായി, ഇത് ഏത് വാക്കിനും പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ്. ഇതിന് പ്രത്യേക അർത്ഥമില്ലാതെ തമാശയായി ഉപയോഗിക്കാൻ കഴിയും. കേംബ്രിഡ്ജ് നിഘണ്ടു ഇതിനെ നിർവചിക്കുന്നത്, "നല്ലത്' അല്ലെങ്കിൽ 'ചീത്ത' എന്നിങ്ങനെ വിവിധ അർത്ഥങ്ങളുണ്ടാകാൻ കഴിയുന്ന ഒരു വാക്ക്, അല്ലെങ്കിൽ ഒരു യഥാർത്ഥ അർത്ഥവുമില്ലാതെ തമാശയായി ഉപയോഗിക്കുന്ന വാക്ക്" എന്നാണ്.
ട്രെഡ്‌വൈഫ്: 'ട്രെഡിഷണൽ വൈഫ്' എന്നതിന്‍റെ ചുരുക്കരൂപമാണ് 'ട്രെഡ്‌വൈഫ്'. വീട്ടുജോലികൾ ചെയ്യുന്നതും കുട്ടികളെ പരിപാലിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന സ്ത്രീകളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേകതരം പ്രേക്ഷകരെ ആകർഷിക്കാൻ, "പരമ്പരാഗത ഭാര്യമാരെപ്പോലെയുള്ള" ജോലികൾ ചെയ്യുന്ന വീഡിയോകൾ സ്ത്രീകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഈ വാക്ക് കൂടുതൽ പ്രചാരത്തിലായത്.
ഡെലൂലു: 'ഡെലൂലു' എന്ന വാക്ക് ഒരു വ്യക്തിക്ക് സ്നേഹം, സെലിബ്രിറ്റികൾ അല്ലെങ്കിൽ സാമൂഹിക സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളോ ചിന്തകളോ ഉണ്ടെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഈ ചിന്തകളെക്കുറിച്ച് അവർക്ക് സ്വയം ബോധ്യവും തമാശരൂപത്തിലുള്ള സമീപനവുമുണ്ടായിരിക്കും. അതേസമയം, ചിലപ്പോൾ യാഥാർത്ഥ്യബോധമില്ലെങ്കിലും, സ്വന്തം കഴിവുകളിലും ആഗ്രഹങ്ങളിലും ശക്തമായ വിശ്വാസമുള്ള ഒരാളെ വിശേഷിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
മറ്റ് ജനപ്രിയ പദങ്ങൾ:
ല്യൂക്ക് (Leuk): 'RuPaul's Drag Race' എന്ന ഷോയിലൂടെ പ്രചാരത്തിലായ ഈ വാക്ക്, LGBT+ സമൂഹത്തിലും ഡ്രാഗ് സംസ്കാരത്തിലും സാധാരണയായി ഉപയോഗിക്കുന്നു. ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതും അവതരിപ്പിച്ചതുമായ വസ്ത്രത്തെ ഇത് സൂചിപ്പിക്കുന്നു. കേംബ്രിഡ്ജ് ഇതിനെ "വ്യതിരിക്തമായ ഒരു ശൈലി, ഫാഷൻ അല്ലെങ്കിൽ വസ്ത്രം, പ്രത്യേകിച്ച് അസാധാരണവും ആകർഷകവുമായ ഒന്ന്" എന്ന് നിർവചിക്കുന്നു.
ബ്രോളിഗാർക്കി (Broligarchy): 'Bro' (കൂട്ടുകാരൻ) എന്ന ആശയവും 'Oligarchy' (ഒരു ചെറിയ കൂട്ടം ആളുകളുടെ ഭരണം) എന്ന ആശയവും ചേർന്നതാണ് ഈ വാക്ക്. വലിയ സമ്പത്തും അധികാരവുമുള്ള ഒരു കൂട്ടം പുരുഷന്മാരെ, പ്രത്യേകിച്ചും സാങ്കേതിക ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ ഇത് സൂചിപ്പിക്കുന്നു. ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ് തുടങ്ങിയവരെ ഈ പട്ടികയിൽ ഉൾപ്പെടുത്താറുണ്ട്.
മൗസ് ജിഗ്ലർ (Mouse jiggler): പകർച്ചവ്യാധിക്ക് ശേഷം പ്രചാരത്തിലായ ഒരു പദമാണ് 'മൗസ് ജിഗ്ലർ'. ജോലി ചെയ്യുന്നതായി തോന്നിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്.
വർക്ക് സ്പൗസ് (Work spouse): "ജോലിസ്ഥലത്ത് വളരെ അടുത്ത, എന്നാൽ റൊമാന്‍റിക് അല്ലാത്ത ബന്ധം പുലർത്തുന്ന ഒരാൾ" എന്ന് കേംബ്രിഡ്ജ് ഇതിനെ നിർവചിക്കുന്നു. ദമ്പതികളെപ്പോലെ പരസ്പരം സഹായിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന രണ്ട് വ്യക്തികളാണ് ഇവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam