ബംഗ്ലാദേശില്‍ യാത്രാ ബോട്ട് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധിപ്പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Apr 5, 2021, 6:37 PM IST
Highlights

150ഓളം യാത്രക്കാര്‍ ഈ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഷീതലാഖ്യ നദിയിലെ സൈദ്പൂര്‍ ഘാട്ടിന് സമീപമാണ് അപകടമുണ്ടായത്. മുന്‍ഷി ഗഞ്ചിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബോട്ട്. 

ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് യാത്രാ ബോട്ട് മുങ്ങി, 26 മരണം. ബംഗ്ലാദേശിലെ ഷീതലാഖ്യ നദിയിലുണ്ടായ അപകടത്തിലാണ് നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഞായറാഴ്ച വൈകുന്നേരം നാരായണഗഞ്ച് ജില്ലയിലാണ് അപകടം നടന്നത്. ധാക്കയുടെ തെക്ക് കിഴക്കന്‍ മേഖലയാണ് ഇവിടം. ഞായറാഴ്ച വൈകി നടന്ന തിരിച്ചിലില്‍ യാത്രാ ബോട്ടില്‍ സഞ്ചരിച്ച അഞ്ച് പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. നാവിക സേനയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റേയും അഗ്നിശമന സേനാംഗങ്ങളുടേയും സംയുക്തമായ തെരച്ചിലിലാണ് തിങ്കളാഴ്ച ഇരുപത്തിയൊന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനായത്.

എംഎല്‍ സബിത് അല്‍ ഹസന്‍ എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചരക്കുകപ്പലായ എല് കെ എല്‍ 3യുമായി കൂട്ടിയിടിച്ചതോടെ യാത്രാ ബോട്ട് മുങ്ങിപ്പോവുകയായിരുന്നു. ഷീതലാഖ്യ നദിയിലെ സൈദ്പൂര്‍ ഘാട്ടിന് സമീപമാണ് അപകടമുണ്ടായത്. മുന്‍ഷി ഗഞ്ചിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബോട്ട്. അപകടമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടതോടെ ചരക്കുകപ്പല്‍ നിര്‍ത്താതെ പോയെന്നാണ് പൊലീസ് വിശദമാക്കുന്നത്.സംഭവത്തില്‍ എഡിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും അപകടത്തില്‍ നാലംഗ സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

150ഓളം യാത്രക്കാര്‍ ഈ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 50നും അറുപതിനും ഇടയില്‍ ആളുകള്‍ സമീപമുള്ള കരകളിലേക്ക് നീന്തി രക്ഷപ്പെട്ടതായി പോര്‍ട്ട് പൊലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇത്തരത്തില്‍ കരയിലെത്തിയവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചിത്രത്തിന് കടപ്പാട് സ്റ്റാര്‍

click me!