
കാബൂൾ: താലിബാൻ അധികാരികൾ സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി വിദ്യാർത്ഥികളും അധ്യാപകരും അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക നിയമങ്ങൾ, പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകളെ മുൻ നിർത്തിയാണ് സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾ നിരോധിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ അച്ചടക്കം, ശ്രദ്ധ എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇത് ശരീഅത്ത് നിബന്ധനകൾ അനുസരിച്ച് നോക്കുമ്പോൾ സ്മാർട്ട്‌ഫോണുകൾ ഭാവി തലമുറയുടെ നാശത്തിന് കാരണമാകുമെന്നും താലിബാന്റെ പ്രസ്താവനയിൽ പറയുന്നു. പ്രവിശ്യയിലുടനീളമുള്ള സ്കൂളുകളിൽ ഇതിനകം പ്രാബല്യത്തിൽ വന്ന ഈ നയം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ ഒരേ സമയം വലിയ സ്വീകീര്യതയും വിമർശനത്തിനുമിടയാക്കിയിട്ടുണ്ട്.
ഇന്ന് സ്‌കൂളിലേക്ക് ഫോണ്‍ കൊണ്ടുവന്നിട്ടില്ലെന്ന് അധ്യാപകനായ സയീദ് അഹമ്മദ് പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇത് ഒരു നല്ല തീരുമാനമാണെന്ന് ഞാൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ചൂതാട്ടവുമായി ബന്ധമുണ്ടെന്ന ആശങ്കയെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് താലിബാൻ സര്‍ക്കാര്‍ വിലക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്‍റെ കായിക ഡയറക്ടറേറ്റ് ആണ് ഈ നടപടി സ്വീകരിച്ചത്. ശരിഅത്ത് നിയമപ്രകാരം ചെസിനെ ചൂതാട്ടമായി കണക്കാക്കുന്നു. താലിബാൻ ഈ നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് സർക്കാർ കായിക വകുപ്പ് വക്താവ് അത്താൽ മഷ്വാനി പറഞ്ഞു.