
ഇസ്ലാമബാദ്: പാകിസ്ഥാനിൽ പ്രായമാവുന്നത് തടയുന്നതിനായുള്ള ഇൻജക്ഷന് വേണ്ടി ആശുപത്രികളിൽ നിന്ന് മറുപിള്ള മോഷ്ടിച്ച വിൽപന നടത്തിയ സംഘം പിടിയിൽ. 500 കിലോഗ്രാം മറുപിള്ളയുമായാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി സംഘത്തെ പിടികൂടിയത്. പാകിസ്ഥാനിലെ വിവിധ ആശുപത്രികളിൽ നിന്നായി ഒരോ മാസവും ഇത്തരത്തിൽ മറുപിള്ള ശേഖരിച്ചിരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്ലാമാബാദിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായത്. പ്രസവത്തിന് ശേഷം സാധാരണയായി ഉപേക്ഷിക്കുകയോ ഗവേഷണങ്ങൾക്ക് നൽകുകയോ ആണ് പ്ലാസന്റ അഥവ മറുപിള്ള കൊണ്ട് ചെയ്യുന്നത്. എന്നാൽ അറസ്റ്റിലായ സംഘത്തിലുള്ളവർ നിയമവിരുദ്ധമായി മറുപിള്ള ശേഖരിച്ച് സംസ്കരിച്ച് കടത്തുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ്.
പ്ലാസന്റകൾ ശേഖരിച്ച ശേഷം ഇത് ഉണക്കിയായിരുന്നു ഇവർ സൂക്ഷിച്ചിരുന്നത്. ഇതിന് പിന്നാലെ വിയറ്റ്നാമിലേക്ക് കയറ്റി അയയ്ക്കാൻ സജ്ജമായ 100 കിലോ മനുഷ്യ ശരീരത്തിലെ കോശങ്ങളും ഇസ്ലാമബാദ് എയർപോർട്ടിൽ നിന്ന് ബുധനാഴ്ച കണ്ടെത്തിയിരുന്നു. റാവൽപിണ്ടി, ഇസ്ലാമബാദ് അടക്കമുള്ളയിടങ്ങളിലെ ആശുപത്രികളിൽ നിന്നാണ് ഇവർ പ്ലാസന്റ ശേഖരിച്ചിരുന്നത്. ഓരോ മറുപിള്ളയ്ക്കും 800 രൂപയാണ് വില നൽകിയിരുന്നത്. ഇവ പ്രായമാകുന്നത് ചെറുക്കുന്നതിനായുള്ള ആൻ്റി ഏജിംഗ് ഇൻജക്ഷനുകൾക്കായി ആണ് ശേഖരിച്ചിരുന്നത്. ഇത്തരത്തിലുള്ള ഓരോ ഇൻജക്ഷനും 700000 രൂപവരെ വിലവരുമെന്നാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി വിശദമാക്കുന്നത്. നഗര ഹൃദയങ്ങളിൽ മാത്രമല്ല ഇത്തരം അനധികൃത ഇടപാടുകൾ നടന്നിട്ടുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ലാഹോറിലും പേഷ്വാറിലും റാവൽപിണ്ടിയിലും കള്ളക്കടത്ത് സംഘത്തിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്. ആശുപത്രികളിൽ നിന്നുള്ള മാലിന്യ നിർമ്മാർജ്ജന കരാറുകളുള്ള കമ്പനികളുമായും സംഘാങ്ങൾ ബന്ധപ്പെട്ടിരുന്നു.
പാകിസ്ഥാനിൽ ഇത്തരത്തിൽ മനുഷ്യ അവയവങ്ങൾ അനധികൃതമായി ശേഖരിക്കുന്നത് പത്ത് വർഷത്തെ തടവിനും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പിടിയിലായപ്പോൾ ആടുകളുടെ പ്ലാസന്റയാണ് കൈവശമുള്ളതെന്നായിരുന്നു അറസ്റ്റിലായവരുടെ വാദം. വിശദമായ ചോദ്യം ചെയ്യലിലാണ് പിടിയിലായത് മനുഷ്യന്റെ മറുപിള്ളയാണെന്ന് വ്യക്തമായത്. കുഞ്ഞിനെ ഗർഭം ധരിക്കുന്ന സമയത്ത് അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന് പോഷകങ്ങൾ നൽകുന്ന അവയവമാണ് പ്ലാസന്റ അഥവാ മറുപിള്ള. എന്നാൽ പ്ലാസന്റയിൽ പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ് എന്നിവയാൽ സംപുഷ്ടമാണെന്നാണ് വിലയിരുത്തൽ. ശരീരത്തിലെ കോശങ്ങളുടെ പുനർ നിർമ്മാണത്തിന് ഇവ സഹായിക്കുമെന്നാണ് ചിലർ വിശ്വസിക്കുന്നത്. എന്നാൽ ഇതിനുള്ള ശാസ്ത്രീയ വശങ്ങൾ പലതാണ്. ഇസ്ലാമബാദിലെ അതീവ സുരക്ഷയുള്ള എഫ്-7 സെക്ടറിലെ ഒരു ആഡംബര വസതിയിൽ ആയിരുന്നു പ്ലാസന്റകൾ ശേഖരിക്കാൻ ഉപയോഗിച്ചിരുന്നത്.
സാധാരണയായി കടുത്ത നിയന്ത്രണങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായി മുറിവുകൾ ഉണക്കുന്നതിനും പൊള്ളലേറ്റവർക്കുള്ള ചികിത്സകൾക്കും ചില പ്രത്യേക മരുന്നുകൾക്കുമാണ് മെഡിക്കൽ രംഗത്ത് പ്ലാസന്റ ഉപയോഗിക്കാറുള്ളത്. പാകിസ്ഥാനിൽ മനുഷ്യ അവയവങ്ങളുടെ കള്ളക്കടത്ത് ഇതാദ്യമായല്ല പുറത്തുവരുന്നത്. ഇതിനുമുൻപും പാവപ്പെട്ട തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി അവരുടെ വൃക്കകൾ ബലമായി പുറത്തെടുത്ത് വിദേശികളായ ധനികർക്ക് വിൽപന നടത്തിയിരുന്ന വൻ മാഫിയാ സംഘങ്ങളെ ഇസ്ലാമാബാദിലും സമീപപ്രദേശങ്ങളിലും പൊലീസ് പിടികൂടിയിട്ടുണ്ട്. അത്തരത്തിലുള്ള നിയമവിരുദ്ധ അവയവക്കച്ചവടത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ പ്ലാസന്റ കള്ളക്കടത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam